പത്തനംതിട്ട: സിസി ടിവി കാമറകള്‍ക്കും ഇനി രക്ഷയില്ല ,പട്ടാപ്പകല്‍ അതീവസുരക്ഷയിലുള്ള വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. നിരീക്ഷണ ക്യാമറകളെ പ്രവര്‍ത്തനരഹിതമാക്കിയാണ് പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. പത്തു പവന്റെ ആഭരണം മോഷ്ടിച്ചത്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന് പന്തളം പറന്തല്‍ വയണുംമൂട്ടില്‍ ജോസ് ജോര്‍ജിന്റെ വീട്ടിലായിരുന്നു മോഷണം. സുരക്ഷയ്ക്കായി വീട്ടിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി നീക്കം ചെയ്തതിനു ശേഷമായിരുന്നു മോഷണം. ഇതു മൂലം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും കഴിഞ്ഞിട്ടില്ല.
read also : ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു
തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. അന്ന് പുലര്‍ച്ചെ ഔദ്യോഗിക ആവശ്യത്തിനായി ജോസ് ജോര്‍ജ് കൊച്ചിക്കു പോയി.യാത്രയ്ക്കിടെ നീരീക്ഷണ ക്യാമറയും മൊബൈല്‍ ഫോണുമായുള്ള ബന്ധം തകരാറിലായതോടെ പറന്തലില്‍ ഉള്ള സഹോദരനെ വിളിച്ചു വിവരം അറിയിച്ചു. അദ്ദേഹം വീട്ടില്‍ എത്തിയപ്പോള്‍ പിന്നിലെ കതക് തുറന്നു കിടക്കുന്നതു കണ്ടതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്.
വീട്ടിനുള്ളിലെ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്നു പരിശോധിച്ചതിനു ശേഷം തുണികള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വലിച്ചു വാരി ഇട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ പൊലീസും പത്തനംതിട്ടയില്‍ നിന്നു വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments