കട്ടപ്പന: കട്ടപ്പനയിലെ പുറമ്പോക്ക് ഭൂമിയിൽ സിപിഎം സഹകരണ ആശുപത്രി സ്ഥിതി ചെയുന്ന കെട്ടിടം പൊളിച്ചേക്കും. മുന്‍ സിഐടിയു നേതാവ് ലൂക്ക ജോസഫ് തണ്ടപ്പേര്‍ തിരുത്തി ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നടപടി. പുറമ്പോക്ക് ഭൂമിക്കായി ഉണ്ടാക്കിയ വ്യാജ തണ്ടപ്പേർ റദ്ദാക്കി. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസാണ് തണ്ടപ്പേർ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപം പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സിപിഎം സഹകരണ ആശുപത്രിക്ക് ഒഴിയാൻ ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. അതിന് ശേഷം കെട്ടിടം പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തണ്ടപ്പേർ തട്ടിപ്പിന് ഒത്താശ ചെയ്ത കട്ടപ്പന മുൻ വില്ലേജ് ഓഫീസർ ആന്റണിയെ കഴിഞ്ഞ ദവിസം സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.
മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ കീറിമാറ്റി ലൂക്ക ജോസഫിനായി പുതിയത് ഒട്ടിച്ചതും, കരമടച്ച് നൽകിയതും മുൻ വില്ലേജ് ഓഫീസർ ആന്റണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. കെട്ടിടം പുറമ്പോക്ക് ഭൂമിയിലാണെന്ന് വില്ലേജ് ഓഫീസർ പ്രാഥമിക ഘട്ടത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിന് അനുമതി കിട്ടാനായാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേര് ലൂക്ക ലൂക്ക ജോസഫ് തട്ടിയെടുത്തത്.
വാഴവര ആശ്രമം ആയുർവേദ കോളേജ് ഉടമ സിബി 2006 ഏപ്രിലിൽ വാങ്ങുകയും 2010 വരെ കരമടക്കുകയും ചെയ്തിരുന്ന ഭൂമിയുടെ തണ്ടപ്പേരാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇടയ്ക്ക് മുടങ്ങിപ്പോയ കരം വീണ്ടും അടക്കാൻ ചെന്നപ്പോള്‍ ആ തണ്ടപ്പേരിൽ അങ്ങനെ ഒരു ഭൂമിയേ ഇല്ലെന്ന് കട്ടപ്പന വില്ലേജ് ഓഫീസ് സിബിയെ അറിയിക്കുകയായിരുന്നു. സിബിയുടെ പരാതിയിൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ഇതേ തണ്ടപ്പേരിൽ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് എന്നയാൾ കരമടക്കുന്നതായി ബോധ്യപ്പെട്ടു. അങ്ങനെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. എന്നാൽ ലൂക്കയുടേതെന്ന് പറയുന്ന ഭൂമിക്ക് മുന്നാധാരമോ മറ്റ് രേഖകളോ ഇല്ല.
വേണ്ടത്ര രേഖകളൊന്നുമില്ലാത്തതിനാൽ ഇവിടെ കെട്ടിടം പണിയുന്നതിന് ആദ്യം കട്ടപ്പന മുൻസിപ്പാലിറ്റി അനുമതി നിഷേധിച്ചിരുന്നു. ഈ ഭൂമിയിലാണ് ഇപ്പോൾ സിപിഎമ്മിന്റെ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇതോടെ വർഷങ്ങളായി കരമടക്കാതെ കിടന്നിരുന്ന ഒരു ഭൂമിയുടെ തണ്ടപ്പേർ മോഷ്ടിക്കുകയാണ് ലൂക്ക ചെയ്തത്.
മൂന്ന് വർഷം മുമ്പ് നടന്ന തട്ടിപ്പിന് ലൂക്കയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുൻ വില്ലേജ് ഓഫീസർ ആന്റണിയാണ്. യാഥാർത്ഥ തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ചു. 2006 മെയ് മുതൽ കരമടക്കുന്നതായി രേഖകളും ഉണ്ടാക്കി നൽകി. ലൂക്കയുടെ തട്ടിപ്പിന് ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണ ഉണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
Post Your Comments