തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച തിരുവനന്തപുരം കളക്ടറെ വിമര്‍ശിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധം. ജോയിന്റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രന്‍ കല്ലിങ്കലിനാണ് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനയുടെ തീരുമാനം. നാളെ എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും. കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിനാണ് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം കളക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശച്ചതിനാണ് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ്കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന്‍ കല്ലിംഗലിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതും ജീവനക്കാര്‍ക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തിയതിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലായിരുന്നു ജയചന്ദ്രന്റെ വിമര്‍ശനം.
ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെയും ജീവനക്കാരോടുള്ള കളക്ടറുടെ പെരുമാറ്റത്തെയും ജയചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വരണാധികാരിയായ കളക്ടര്‍ ജീവനക്കാര്‍ക്ക് ലീവ് അനുവദിച്ചില്ലെന്നും ജയചന്ദ്രന്‍ വിമര്‍ശിച്ചു. ഈ വിമര്‍ശനമാണ് ചട്ടലംഘനമായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
Post Your Comments