ഒരു കള്ളം നൂറു വട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാകുമെന്ന ഇടതുപക്ഷപ്രമാണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പുരോഗമനവാദികളായ ദമ്പതികളാണ് ആഷിഖ് അബുവും റിമാ കല്ലിങ്കലും. അതുക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മറവിൽ നടത്തപ്പെട്ട വൻ തട്ടിപ്പ് പുറത്തുവന്നിട്ടും പൗരത്വഭേദഗതിയ്‌ക്കെതിരെ താനും തന്റെ നല്ലപ്പാതിയും നടത്തിയ പ്രതിഷേധങ്ങളുടെ പ്രതികാരനടപടിയാണ് തന്റെ മേൽ കെട്ടിവച്ച വിവാദമെന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞുക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തുനിഞ്ഞത്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനു വേണ്ടി ആഷിഖ് അബു അടക്കമുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് കത്തയച്ചിരുന്നു.തികച്ചും രാഷ്ട്രീയപ്രേരിതമാണ് ആരോപണങ്ങളെന്നും പൗരത്വഭേദഗതിക്കെതിരെയുള്ള തങ്ങളുടെ പോരാട്ടസമരങ്ങൾക്കെതിരെയുള്ള സന്ദീപ് വാര്യരുടെ പ്രതികാരബുദ്ധിയാണ് ഈ ആരോപണങ്ങളുടെ കാതലെന്നുമാണ് കത്തിലെ ഉള്ളടക്കം. കരുണയെന്നു പേരിട്ട സംഗീതപരിപാടി വഴി ആഷിഖ് അബുവും കൂട്ടാളികളും മലയാളികളുടെ ഉള്ളിലെ കരുണയെന്ന വികാരത്തെ ചൂഷണം ചെയ്തു വൻ കൊള്ളയടിക്കുകയായിരുന്നു.
കേരളത്തിലെ നവോത്ഥാനനായകന്മാരിൽ മുൻനിരയിലുള്ള ആഷിഖ് അബു തന്റെ ഇടതുപക്ഷചായ്‌വ് മുതലാക്കി കേസിൽ നിന്നും തടിയൂരാനുള്ള ആദ്യ ശ്രമമാണ് ഈ കത്തെഴുത്ത് നാടകം. കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് ‘കരുണ’ എന്ന പേരിൽ നടന്ന സംഗീത പരിപാടിയിൽനിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിട്ടിലെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. നാളിതുവരെയും പൊതുസമൂഹത്തോട് ആ വിഷയത്തെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാതിരുന്ന ആഷിഖ് അബു നിവൃത്തിയില്ലാതായതോടു കൂടിയാണ് മുഖ്യമന്ത്രിയോട് വിശദാംശങ്ങൾ കാട്ടി കത്തെഴുതിയത്.
ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഇത് സംബന്ധിച്ച വിവാദം ആദ്യമായി ഉന്നയിച്ചത്. പിന്നീട അത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഹൈബി ഈഡൻ എംപിയുടെ ആരോപണത്തിന് പിന്നാലെ പരിപാടിയിലൂടെ ലഭിച്ച 6.22 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ചെക്ക് ഞായറാഴ്ച പ്രോഗ്രാം ഡയറക്ടർ ആഷിക് അബു പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14-ാം തിയതിയിലുള്ള ചെക്കായിരുന്നു ഇത്. എന്നാൽ തട്ടിപ്പ് പിടിക്കപ്പെട്ടതോടെ പരിപാടി കഴിഞ്ഞ് ഏകദേശം രണ്ടര മാസങ്ങൾക്ക് ശേഷം പണമടച്ച ചെക്ക് കാണിക്കുക വഴി ആഷിഖ് അബുവെന്ന നവോത്ഥാനനായകന്റെ
തട്ടിപ്പിന്റെ മുഖമാണ് പുറത്തുവരുന്നത്.
പരിപാടിക്കു മുന്നോടിയായി കൊച്ചി മ്യൂസിക് ഫാണ്ടേഷന്റെ പേജിൽ വന്ന കുറിപ്പ് ഇങ്ങനെയാണ്.
‘ കരുണ’ എന്ന പേരിൽ പരിപാടി അറിയപ്പെടാനുള്ള കാരണം നിങ്ങൾക്കറിയാം. പങ്കെടുക്കുന്നവരെല്ലാം തന്നെ ഒരു രൂപ പോലും പ്രതിഫലം മോഹിക്കാതെയാണു സഹകരിക്കാമെന്നേറ്റിരിക്കുന്നത്. ജനങ്ങളിൽ നിന്ന് പ്രവേശന ഫീ വഴി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കൈമാറുന്നതാണു. ഇത്തരം കരുണാ പ്രവർത്തനങ്ങൾ സംഗീത മേഖലയിലും അല്ലാതെയും മുൻപും വിജയകരമായി നടന്നിട്ടുള്ളതാണെങ്കിലും വ്യക്തികളുടെയും യോനറുകളുടെയുമൊക്കെ ഇത്ര വൈവിധ്യമാർന്ന ഒരു സംഗമം എന്ന് പറയുന്നത് തീർച്ചയായിട്ടും കേരളത്തെ സംബന്ധിച്ച് ആദ്യമായിട്ടു തന്നെയാണു! ഒരു ക്ലൈം എന്നതിനേക്കാൾ ആ സന്തോഷം നിങ്ങളുമായി പങ്കവയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
‘കേരളം കണ്ട ഏറ്റവും വലിയ ലൈവ് മ്യൂസിക് കൺസർട്ട്’.
ആഷിഖ് അബുവായിരുന്നു ആ സംഗീതപരിപാടിയുടെ സംവിധായകൻ.ഒപ്പം മുഖ്യ സംഘാടകനും. മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമായി പറഞ്ഞിരുന്നതാണ് ആ സംഗീതപരിപാടി എന്തിനു വേണ്ടി സംഘടിപ്പിക്കുന്നുവെന്ന്.കേരളം കണ്ട ഏറ്റവും വലിയ ലൈവ് മ്യൂസിക് കൺസർട്ട് നടത്താൻ കച്ചകെട്ടിയിറങ്ങിയവർ ഇപ്പോൾ പറയുന്നു അത് വൻപരാജയമായിരുന്നുവെന്ന്. പരിപാടിയിൽ പങ്കെടുക്കുന്നവരെല്ലാം പ്രതിഫലം ആഗ്രഹിക്കാതെയാണ് പങ്കെടുക്കുകയെന്ന് അറിയിച്ച അതേ സംഘാടകരാണ് ഇപ്പോൾ വിവാദമായ ശേഷം വരവിനെക്കാൾ ചിലവായിരുന്നു അധികമെന്ന വാദഗതിയുമായി വന്നിരിക്കുന്നത്.
കരുണയ്ക്ക് വലിയ ജനപങ്കാളിത്തമുണ്ടായിരുന്നുവെന്ന് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു. പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ പ്രശസ്തർ രംഗത്ത് വരുന്നു. ഫെയ്സ്ബുക്ക് വഴി ഒട്ടനവധി താരങ്ങൾ കരുണയ്ക്ക് പ്രമോഷൻ നൽകുകയും ചെയ്തിരുന്നു. പരിപാടിക്ക് ശേഷം കൊച്ചി മ്യൂസിക് ഫൗണ്ടേഷനിൽ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് -‘ കരുണ’യെ എല്ലാ അർത്ഥത്തിലും സ്നേഹത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുകയും മുന്നിലും പിന്നിലും തൊട്ട്തൊട്ടും ആത്മാർത്ഥതയോടെ അവസാനം വരെ കൂടെ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വലിയൊരു വിജയത്തിലേക്ക് എടുത്തുയർത്തുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങൾക്കുള്ള അതിരുകളില്ലാത്ത നന്ദിയും സ്നേഹവും ഇവിടെ അറിയിക്കുകയാണ്.
ഈ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും പറയുന്നുണ്ട് തട്ടിപ്പിന്റെ യഥാർത്ഥ മുഖം.വിവാദങ്ങൾക്കു തുടക്കം കുറിച്ചത് സന്ദീപ് വാര്യരാണ്. മ്യുസിക് ഫൗണ്ടേഷന്റെ പരിപാടിയിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ രംഗത്ത് വരുന്നു. ശക്തമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നൽകിയ വിവരാകാശ അപേക്ഷയുടെ മറുപടിയിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിട്ടില്ലെന്ന് വ്യക്തമാകുന്നു. ഫെബ്രുവരി 6-ാം തിയ്യതിയാണ് വിവരാവകാശ കമ്മീഷൻ മറുപടി നൽകിയത്. ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ അന്വേഷണം ആവശ്യപെട്ട് ബിജെപി നേതാവ് ഓ.രാജഗോപാൽ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
ഫെബ്രുവരി ആറിന് പണമടച്ചില്ല എന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി പതിനാലിന് സംഘാടകർ പണമടച്ചു.
സംഭവത്തിൽ ജില്ലാ കളക്ടറുടെ പരാതി പോലീസിന്റെ മുന്നിലുണ്ട്. സിറ്റി പോലീസ് കമ്മിഷണർ മുമ്പാകെയുള്ള പരാതി പരിശോധിച്ചുവരികയാണ്. അതിനിടയ്ക്കാണ് മുഖ്യമന്ത്രിക്ക് ആഷിഖ് അബു കത്തെഴുതി തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നത്.
പൊതുസമൂഹത്തിനു ആഷിഖ് അബുവിനോട് ചോദിക്കേണ്ടത് ഇത്രയുമാണ്. മ്യൂസിക് കൺസേർട്ടിന്റെ മറവിൽ നടത്തിയ തട്ടിപ്പിനു
എന്തിനു പൗരത്വഭേദഗതിയെ വലിച്ചിഴക്കണം? ഇതിൽ എവിടെയാണ് സന്ദീപ് വാര്യരുടെ പ്രതികാരനടപടി? എത്ര ടിക്കറ്റുകൾ വിറ്റുപോയെന്ന വിവരം സംഘാടകർ ഇനിയും പുറത്ത് വിടാത്തത് എന്തുകൊണ്ട്? ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്ന് ആഷിക് അബു അവകാശപ്പെടുമ്പോൾ ടിക്കറ്റിൽ ദുരിതാശ്വാസ നിധിയെക്കുറിച്ച് കൃത്യമായ പരാമർശമുണ്ട്. ആർ.എസ്.സി സ്റ്റേഡിയം സൗജന്യമായി നൽകിയതും ഇതേ കാരണം കൊണ്ടായിരുന്നു.അപ്പോൾ നുണ ആവർത്തിച്ചുപ്പറയുന്നത് ആര്? കളക്ടർ പരിപാടിയുടെ രക്ഷാധികാരിയായിരുന്നുവെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അവകാശപ്പെട്ടിരുന്നു. കളക്ടർ നിഷേധിച്ചിട്ടും ഫൗണ്ടേഷൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ട്? ഇതിനൊന്നും ഉത്തരങ്ങളോ തെളിവുകളോ നിരത്താൻ കഴിയാത്തിടത്തോളം പൊതുസമൂഹത്തിൽ ആഷിഖിനും ടീമിനും ഉള്ള ഇമേജ് മൂന്നാംകിട തട്ടിപ്പുവീരന്മാർ എന്നതുമാത്രമാണ്.
അഞ്ജു പാർവതി പ്രഭീഷ്
Post Your Comments