കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാനായി കൊച്ചിയില്‍ സംഘടിപ്പിച്ച കരുണ സംഗീതപരിപാടി സംബന്ധിച്ചും പിരിഞ്ഞുകിട്ടിയ കണക്കുകള്‍ സംബന്ധിച്ചും വലിയ കള്ളക്കളികളാണ് പുറത്തുവന്നിരിക്കുന്നത്. 2018 കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് കിട്ടിയ ഒരു ചില്ലിക്കാശുപോലും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിട്ടില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയുമധികം വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ഇതേ കുറിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. ഇതോടെ സംഘാടകരുടെ വിഴുപ്പലക്കലുകളാണ് ജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആഷിക് അബുവും സംഘാടകരും പറയുന്നത് ശുദ്ധ കളവാണെന്ന് പരിപാടിക്കായി ടിക്കറ്റ് വാങ്ങിയ എ.കെ. ഷാനിബ് പറയുന്നു. അദ്ദേഹം കണക്ക് സഹിതമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ആഷിഖ് അബു മറുപടി തരുമെന്ന പ്രതീക്ഷയൊന്നും എനിയ്ക്കില്ല . എന്നാലും ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. എന്റെ കയ്യിലിരിക്കുന്ന ടിക്കറ്റിന്റെ സീരിയല്‍ നമ്പര്‍ G1270 ആണ്.
അതായത് Gold കാറ്റഗറിയിലുള്ള 1500 രൂപ വില വരുന്ന 1270 – മത്തെ ടിക്കറ്റാണ് ഞാന്‍ എടുത്തത്.
എന്റെ ടിക്കറ്റ് വളരെ നേരത്തെ എടുത്തതാണ്.അത്ര തന്നെ ടിക്കറ്റുകള്‍ പിന്നെയും വിറ്റ് പോയിട്ടുണ്ടാകും. 1270 ന് ശേഷം വിറ്റ് പോയ 1500 ലധികം ടിക്കറ്റുകള്‍ സൗജന്യമായി പോയി എന്ന് പറയാനുള്ള തൊലിക്കട്ടി ആഷിഖ് അബു കാണിച്ചാലും 500 രൂപ വരുന്ന ആയിരക്കണക്കിന് ടിക്കറ്റുകളും 5000 ത്തിന്റെ ടിക്കറ്റുകളും സൗജന്യമായി നല്‍കി എന്ന് ഉളുപ്പില്ലാതെ തള്ളി വിട്ടാലും…എന്റെ കയ്യിലുള്ള 1270 ടിക്കറ്റ് വരെ മാത്രം വിറ്റിട്ടുള്ളൂ എന്ന് കണക്കാക്കിയാല്‍ പോലും 1270×1500=19,05,000 പത്തൊന്‍പത് ലക്ഷത്തി അയ്യായിരം രൂപ ടിക്കറ്റ് വിറ്റയിനത്തില്‍ കാണണം.
എന്ന് വച്ചാല്‍ ഇപ്പോള്‍ കയ്യോടെ പിടിച്ചപ്പോള്‍ അടച്ചു എന്ന് പറയുന്ന 6,22,000 ( ആറു ലക്ഷത്തി ഇരുപത്തിരണ്ടായിരം )ത്തോടൊപ്പം 12,83,000 ( പന്ത്രണ്ട് ലക്ഷത്തി എണ്‍പത്തി മൂവായിരം )കൂടി അടയ്ക്കണം. ബാക്കി 2000 ലധികം ടിക്കറ്റുകള്‍ സൗജന്യമായി കൊടുത്താലുള്ള കണക്കാണിതെന്നോര്‍ക്കണം. ഞാന്‍ നേരത്തേ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തത് കൊണ്ട് ഇതിനും മറുപടിയുണ്ടാകില്ലെന്ന് അറിയുന്നത് കൊണ്ട് ഇതും ജനങ്ങള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നു…
Post Your Comments