തെന്മല: റോസ്മല കാണാന്‍പോകുന്നതിനിടയില്‍ കാട്ടുപോത്ത് ഓടിച്ചതിനെ തുടര്‍ന്ന് കാട്ടില്‍ അകപ്പെട്ടുപോയ യുവാവ് 17 മണിക്കൂറിനുശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയില്‍ സുമേഷാ(21)ണ് ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിച്ചു കൂട്ടിയ ശേഷം സുരക്ഷിതമായി തിരികെ എത്തിയത്. കൊടുംകാട്ടില്‍ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഒരുരാത്രി മുഴുവന്‍ പൊത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ഞായറാഴ്ച റോസ്മല കാണാന്‍ ബന്ധു അജേഷിനൊപ്പം ആര്യങ്കാവിലെത്തിയതായിരുന്നു അജേഷ്. മൂത്രമൊഴിക്കാന്‍ ബൈക്കില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കാട്ട് പോത്ത് ഓടിച്ചതിനെ തുടര്‍ന്ന് രാജാക്കൂപ്പ് ഭാഗത്ത് വെച്ച് വഴിതെറ്റി കാട്ടിലകപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഏഴരയോടെയാണ് സുമേഷ് കാട്ടില്‍നിന്ന് സാഹസികമായി രക്ഷപ്പെട്ട് പുറത്തെത്തിയത്. സുഹൃത്ത് അജേഷ് വനമേഖലയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.റോസ് മലയില്‍ എത്തിയ അജേഷ് നാട്ടുകാരോട് വിവരം പറഞ്ഞു.
തെന്മല എസ്.ഐ.പ്രവീണ്‍കുമാര്‍, റേഞ്ച് ഓഫീസര്‍ ബിജു.കെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി 9വരെ വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഈ സമയം, ഉള്‍വനത്തില്‍ അകപ്പെട്ട സുമേഷ് ദിശ തെറ്റി കാട്ടില്‍ അലയുകയായിരുന്നു. ഇരുട്ട് വീണതോടെ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഇരിപ്പുറപ്പിച്ചു. തെരഞ്ഞുവരുന്നവര്‍ കാണാന്‍ വേണ്ടി ഷര്‍ട്ട് മരത്തിന്റെ താഴത്തെ ശിഖരത്തില്‍ കെട്ടിയിരുന്നു.
രാത്രി ഏറിയതോടെ കാട്ടു മൃഗങ്ങള്‍ പലതും മരച്ചുവട്ടില്‍ വന്നുവെന്ന് സുമേഷ് പറയുന്നു. ശബ്ദമുണ്ടാക്കി അവയെ അകറ്റുകയായിരുന്നു.ഇതിനിടയില്‍ ഏതോ വന്യമൃഗം പൊത്തിനു മുന്നില്‍വന്നു.കമ്പെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. പിന്നെയും പൊത്തില്‍ക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാല്‍ മരത്തിനുമുകളില്‍ക്കയറി. നേരം പുലര്‍ന്നതോടെ മരത്തില്‍നിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു.
ഇതിനിടയില്‍ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തു. കാട്ടിലൂടെ കേബിള്‍ ലൈന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. കേബിള്‍ ജനവാസമേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ നടന്നതിനാല്‍ റോഡിനോട് ചേര്‍ന്ന ഭാഗത്ത് എത്തി.ഇന്നലെ രാവിലെ 8ന് പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസും, വനപാലകരും തെരച്ചിലിന് പുറപ്പെടാനൊരുങ്ങവേയാണ് യുവാവ് ആര്യങ്കാവ് -റോസ് മല റോഡില്‍ എത്തിയ വിവരം അറിയുന്നത്.
ഉടന്‍ സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാട്ടില്‍ നടക്കുന്നതിനിടയില്‍ കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍കൊണ്ട നിസ്സാരപരിക്കുകള്‍ മാത്രമാണ് സുമേഷിനുള്ളത്.മകനെ കാണാതായത് അറിഞ്ഞ് എത്തിയ മാതാവ് മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം മകനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Post Your Comments