അഞ്ജു പാര്‍വതി പ്രഭീഷ്
“എന്താടോ വാര്യരേ,ഞാൻ നന്നാവാത്തേ? ” ദേവാസുരത്തിൽ മംഗലശേരി നീലകണ്ഠൻ നിസഹായനായി വാര്യരോട് ചോദിക്കുന്ന ചോദ്യത്തെ ഇന്നത്തെ ട്രോൾ ലോകം നോക്കിക്കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ്! ഒരാളുടെ സ്വഭാവത്തിലെ ആസുരഭാവങ്ങൾ(നെഗറ്റീവ്സ്) മാറ്റിയെടുക്കാൻ എത്ര നല്ല അവസരങ്ങൾ ലഭിച്ചാലും സമൂഹം ഒന്നടങ്കം ശ്രമിച്ചാലും മാറാതെ വരുമ്പോൾ സഹികെട്ട് പൊതുസമൂഹം ചോദിക്കുന്ന ചോദ്യമായിട്ടാണ് ഇന്ന് ഈ ചോദ്യത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയ ഈ ചോദ്യം ചോദിക്കുന്നത് സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബുവിനോടാണ്.”എന്താടോ തരികിടേ,താൻ നന്നാവാത്തേ? എന്നു പൊതുസമൂഹത്തെ കൊണ്ട് സാബുമോൻ ചോദിപ്പിച്ചിരിക്കുന്നത് അയാളിട്ട ഒരു ലൈവ് വീഡിയോ ആധാരമാക്കിയാണ്.
തരികിട സാബുവെന്നറിയപ്പെടുന്ന സാബുമോന്‍ അബ്ദുസമദ് ബിഗ്ബോസ് ഹൗസിൽ വരുന്നതിനും ഷോ വിന്നർ ആകുന്നതിനുമുമ്പ് ഒരുപാട് വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ്.ആ വിവാദങ്ങൾ ഒന്നും തന്നെ വെറും ആരോപണങ്ങളായിരുന്നില്ല,മറിച്ച് സാബുമോന്റെ അറിവോടെ സംഭവിച്ച വിവാദങ്ങൾ തന്നെയായിരുന്നു. മോശപ്പെട്ട പരാമർശങ്ങളിലൂടെയും മുഖപുസ്തകപോസ്റ്റുകളിലൂടെയും ഒരു കലാകാരനു തീർത്തും അനുചിതമായ വാക്പ്രയോഗങ്ങളിലൂടെ തന്റെ സംസ്കാരശൂന്യത പ്രകടമാക്കിയ ഒരു ഇരുണ്ടകാലം സാബുവിനുണ്ടായിരുന്നു.
മഹാനടനായ ശ്രീ മോഹന്‍ലാലിനെതിരെ തീര്‍ത്തും മോശമായ പരമാര്‍ശം നടത്തിയാണ് സോഷ്യൽമീഡിയയിലെ തന്റെ കുപ്രസിദ്ധിയ്ക്ക് സാബുമോൻ തുടക്കമിടുന്നത്.
കൂതറയെന്ന സിനിമയുടെ ഭാഗമായി ഒരു നായയ്‌ക്കാപ്പം ലാലേട്ടൻ ഇരിക്കുന്ന സ്റ്റിൽ അന്ന് ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു.ആ ചിത്രത്തിലെ നായയും ലാലേട്ടനുമായി ബന്ധപ്പെടുത്തി തീർത്തും അവഹേളനപരമായി പോസ്റ്റിട്ട സാബുമോനെ അന്ന് മലയാളികൾ ഒറ്റക്കെട്ടായി നേരിട്ടിരുന്നു. അന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പൊങ്കാലമഹോത്സവത്തിന്റെ തിളപ്പിൽ മാപ്പപേക്ഷിച്ചു തടിയൂരിയ ഈ സി ക്ലാസ് നടന്‍ പിന്നീടു തന്റെ പാരമ്പര്യം വിളിച്ചറിയിച്ചത് അന്തരിച്ച കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളിലൂടെയായിരുന്നു.
ശ്രീ. മണിയുടെ അടുത്ത സുഹൃത്ത് എന്ന് സ്വയം അവകാശപ്പെടുന്ന ഇയാള്‍ തന്റെ സൗഹൃദത്തിന്റെ ആഴം വെളിവാക്കിയത് മണിയുടെ ഭാര്യ നിമ്മിയെയും സഹോദരന്‍ രാമകൃഷ്ണനെയും മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളിലൂടെയായിരുന്നു.ഇവിടെ തുടങ്ങുന്നു കടുത്ത സ്ത്രീവിരുദ്ധനായ ഒരു സാബുമോന്റെ സമൂഹമറിയുന്ന ചരിത്രം.അതിന്റെ പേരിൽ അയാൾ നേരിടുന്ന നിയമനടപടികളുടെ തുടക്കം.
കലാഭവന്‍ മണിയെന്ന അതുല്യനടനെ കേരളം ആരാധിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കിയായിരുന്നില്ല. മറിച്ച്,അദ്ദേഹത്തിന്റെ സഹജീവിസ്നേഹവും ഉദാത്തമായ മനുഷ്യത്വവും ഉദാരവായ്പും കലയോടുള്ള അര്‍പ്പണബോധവും കൊണ്ടായിരുന്നു..അതുകൊണ്ടുതന്നെ ജാതിമതരാഷ്ട്രീയഭേദമേന്യേ എല്ലാവരും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നു..ഇതേ ആഗ്രഹത്തോട് കൂടിയാണ് സമൂഹമാധ്യമങ്ങളില്‍ക്കൂടി തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പറയുന്ന ആ വീട്ടമ്മ( എന്റെ പ്രിയപ്പെട്ട സഹോദരീതുല്യയായ സുഹൃത്ത്) തന്റെ സ്വന്തം ഭിത്തികയില്‍ സാബുവിനെതിരെ സഭ്യമായി പ്രതികരിച്ചതും. സാബു മണിയുടെ ഭാര്യയെ ക്കുറിച്ചെഴുതിയ അസഭ്യങ്ങള്‍ കണ്ടിട്ടാണ് പ്രതികരണശേഷി അടിയറവു വയ്ക്കാത്ത ആ വീട്ടമ്മ അന്ന് അങ്ങനെ പ്രതികരിച്ചതെന്ന് ഓർക്കണം.അവർ സ്വന്തം ഭിത്തിയില്‍ എഴുതിയ ആ പോസ്റ്റില്‍ കമന്റുകളുമായി അവരുടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ നിമിഷനേരം കൊണ്ട് ആ പോസ്റ്റ് വൈറല്‍ ആയി മാറുകയായിരുന്നു. ആരില്‍ നിന്നോ വിവരമറിഞ്ഞെത്തിയ സാബു ആ വാളില്‍ അസഭ്യവര്‍ഷം നടത്തി..അതില്‍ കമന്റ് എഴുതിയ സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന തരം വാക്പയറ്റ് നടത്തിയ സാബുവിന്റെ തരികിട കണ്ട സ്ത്രീകളിൽ പലരും അന്ന് തങ്ങളുടെ സംസ്കാരത്തിനു വിലകല്പിച്ചതുക്കൊണ്ടുമാത്രം പ്രതികരിച്ചില്ല.
സാബുവെന്നയാള്‍ അന്ന് സാധാരണക്കാരനല്ല. അത്യാവശ്യം നാലാള്‍ അറിയുന്ന ഒരു കലാകാരനാണ്.
അത്തരത്തിലുള്ള ഒരാളാണ് അന്ന് അങ്ങനെ പരസ്യമായി പുലയാട്ടു നടത്തിയത്.ഈ സംഭവവികാസങ്ങള്‍ നടക്കുന്നത്2016 ജൂണ്‍ മാസം പകുതിയോടെയാണ്.പുണ്യമാസമായ റമളാനിലാണ് ഒരു ഇസ്ലാം മത വിശ്വാസി ഇത്തരത്തില്‍ പെരുമാറിയതെന്ന് കൂടി ഓര്‍ക്കണം. അവിടെ കൊണ്ടും കഴിഞ്ഞില്ല സാബുവിന്റെ പ്രതികാരബുദ്ധി.പിറ്റേ മാസം ജൂലൈ രണ്ടിന് പ്രസ്തുത വീട്ടമ്മയുടെ ചിത്രത്തിനൊപ്പം ഏറ്റവും മോശമായി അവരെ തേജോവധം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് ഇട്ടു ആ മഹാനായ കലാകാരൻ. അന്ന് വീട്ടമ്മയും ഭര്‍ത്താവും നിയമനടപടിക്കൊരുങ്ങുന്നുവെന്നറിഞ്ഞ ഈ പകല്‍മാന്യന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഡി-ആക്ടിവേറ്റ് ചെയ്തു മുങ്ങുകയും ചെയ്തു. ആ കേസ് ഇപ്പോഴും നടന്നുവരികയാണ്.
അതിനുശേഷം സാബുമോൻ വീണ്ടും വിവാദങ്ങളിലുൾപ്പെടുന്നത് ലസിതാ പാലയ്ക്കലിനെതിരെ നടത്തിയ ഹീനമായ സ്ത്രീവിരുദ്ധപരാമർശത്തിലൂടെയാണ്.ലസിത പാലയ്ക്കലിനെ അപമാനിച്ചതിന് കണ്ണൂര്‍ പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ലസിത പാലയ്ക്കല്‍ അന്ന് പാനൂർ സിഐ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു .സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സാബു ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ പിന്നീട് പ്രത്യക്ഷപ്പെടുകയാണുണ്ടായത്.
ഇപ്പോഴിതാ തന്നെ വിന്നറാക്കിയ അതേ പ്രേക്ഷകസമൂഹത്തിനു മുന്നിൽ ,അതേ പരിപാടിയുടെ പേരിൽ,സീസൺ 2വിലെ ഏറ്റവും ജനപിന്തുണയുള്ള ഡോ. രജിത് കുമാറെന്ന എക്കാലത്തേയും മികച്ച മത്സരാർത്ഥിക്കെതിരെ ലൈവുമായി വന്ന് സ്വയം അപഹാസ്യനാവുന്നു സാബുമോൻ. തന്റെ ഇരുണ്ട ഭൂതകാലത്തെ മറന്നുക്കൊണ്ട് ,അല്ല സമർത്ഥമായി മറച്ചുപ്പിടിച്ചുക്കൊണ്ട് രജിത് സാറിന്റെ മണിക്കൂറുകൾ ദൈർഘ്യമുളള പ്രഭാഷണങ്ങളിലെ ഏതാനും സെക്കന്റുകൾ മാത്രമുള്ള ബിറ്റുകൾ മുൻനിറുത്തി അദ്ദേഹത്തെ സ്ത്രീവിരുദ്ധനാക്കാൻ ശ്രമിക്കുമ്പോൾ സാബുമോൻ മറക്കുന്നു സ്വയം പല്ലിടകുത്തി നാറ്റിക്കുന്ന തന്റെ സ്വത്വം!
ബിഗ്ബോസ് ഷോ കാണുന്ന പ്രേക്ഷകരാരും മത്സരാർത്ഥികളുടെ പൂർവ്വചരിത്രം ചികയാറില്ല .ഗെയിമിലെ അവരുടെ ബ്രില്യൻസ് മാത്രം വിലയിരുത്തിയാണ് വോട്ട് നല്കുന്നത്. അങ്ങനെ പൂർവ്വകാലം ചികഞ്ഞിരുന്നുന്നുവെങ്കിൽ കഴിഞ്ഞ സീസണിൽ ആദ്യ എവിക്ഷനിൽ തന്നെ പുറത്ത് പോകേണ്ട മത്സരാർത്ഥി ആയിരുന്നേനേ സാബു. രജിത് സാറെന്നെ വ്യക്തിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയെങ്കിലും അദ്ദേഹത്തെ വിമർശിക്കുന്ന സാബുവിന് ഉണ്ടോയെന്ന് ആത്മപരിശോധന നടത്തുക. രജിത് ഫൗണ്ടേഷനു കീഴിൽ വരുന്ന കരുണാലയത്തെക്കുറിച്ചും സൗജന്യവിഭ്യാഭ്യാസ-പരീക്ഷാ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും മനസ്സിലാക്കുക.രജിത് സാറെന്നെ പച്ചമനുഷ്യനു നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഫാൻ പവറിനു ആധാരം ബിഗ് ബോസ് ഹൗസ് സീസൺ 2വിലെ അദ്ദേഹത്തിന്റെ ബ്രില്യൻസിനൊപ്പം അദ്ദേഹമെന്ന ചെറിയ മനുഷ്യനിലെ വളരെ വലിയ മനസ്സും അതിലെ നന്മയും കൂടിയാണ്. പരോപകാരമേ പുണ്യമെന്ന ഭാഗവതതത്വത്തെ സ്വജീവിതത്തിലൂടെ കാണിച്ചുത്തരുന്ന ആ നന്മമരത്തെ തളർത്താൻ തക്കശേഷിയുള്ള അമ്പുകൾ എന്തായാലും സാബുമോൻ ടീമിന്റെ പക്കലില്ല! ദൈവദത്തമായി കിട്ടിയ ഒരു സിദ്ധിയെ താന്‍പോരിമകൊണ്ടും ഗര്‍വ്വുകൊണ്ടും പുറംകാലിനാല്‍ ചവിട്ടിക്കളയുന്ന കലാകാരന്മാർക്ക് ഉദാഹരണമാകുന്നു സാബുവും അയാളുടെ പ്രവൃത്തിയും.
Post Your Comments