ന്യൂഡല്‍ഹി : ബിനാമി ഇടപാടില്‍ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്‍കി കേന്ദ്രം . ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ഉത്തരവ് വന്നതോടെ കള്ളപ്പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തവര്‍ നെട്ടോട്ടത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ശനനിലപാടെടുത്തതോടെ സംസ്ഥാനത്തെ ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരും ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമാണ് എല്ലാ സംസ്ഥാനങ്ങളോടും ഇത് നിര്‍ദേശിച്ചിരിക്കുന്നത്.
ഇത് എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നതോടെ രാജ്യത്ത് എവിടെ ഭൂമി വാങ്ങിയാലും ഒരാളുടെ ഉടമസ്ഥതയില്‍ രാജ്യത്തു മറ്റെവിടെയൊക്കെ ഭൂമി വാങ്ങിയിട്ടുണ്ടെന്നു മനസിലാകും. കേരളത്തെ കൂടാതെ കര്‍ണാടകവും മഹാരാഷ്ട്രയും ഉള്‍പ്പെടെ 15 സംസ്ഥാനങ്ങള്‍ ഇതുപോലെ നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ടുകഴിഞ്ഞു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി)യുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാനത്തെ എല്ലാ പൗരന്‍മാരിലേക്കും ആധാര്‍ അധിഷ്ഠിത ഏകീകൃത തണ്ടപ്പേര്‍ നടപ്പാക്കുന്നതിനു പ്രത്യേക സോഫ്റ്റ്വെയറും തയാറായിട്ടുണ്ട്. നിലവില്‍ അതത് വില്ലേജ് ഓഫിസിലുകളില്‍ മാത്രമാണ് ഭൂമി സംബന്ധിച്ച രേഖകളുള്ളു. മറ്റേതു സ്ഥലത്ത് വാങ്ങിയാലും മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോയെന്ന കാര്യം വില്ലേജ് ഓഫിസര്‍മാര്‍ക്ക് അറിയാന്‍ കഴിയുമായിരുന്നില്ല.
രാജ്യത്തെ എവിടെ ഭൂമി വാങ്ങിയാലും വാങ്ങുന്നയാള്‍ക്ക് എത്ര ഭൂമി മറ്റിടങ്ങളിലുണ്ടെന്ന് അപ്പോള്‍ തന്നെ ഏതു വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാര്‍ ഓഫിസിലും അറിയാന്‍ കഴിയും. ഓരോ പൗരന്റെയും പേരില്‍ എത്ര ഭൂമിയുണ്ടെന്നു കൃത്യമായി അറിയുന്നതോടെ സര്‍ക്കാര്‍ പുറമ്പോക്കും മിച്ചഭൂമിയുമൊക്കെ തിരിച്ചറിയാനും കഴിയും. സര്‍ക്കാരിന് ഇതു മറ്റു വികസന പദ്ധതികള്‍ ആലോചിക്കുന്നതിനും ഗുണപ്രദമാകുമെന്നും കണക്കുകൂട്ടുന്നു.
Post Your Comments