ന്യൂഡല്‍ഹി: ആഭ്യന്തരവിഷയങ്ങളില്‍ തലയിടരുതെന്നു തുര്‍ക്കിക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്‌താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റെസപ് തയിപ് എര്‍ദോഗന്റെ കശ്‌മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.കശ്‌മീര്‍ വിഷയത്തിലടക്കം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ പാകിസ്‌താനൊപ്പം നില്‍ക്കുമെന്നായിരുന്നു എര്‍ദോഗന്റെ പ്രസംഗം.
ഒന്നാം ലോകമഹായുദ്ധവേളയില്‍ വിദേശ ആധിപത്യത്തിനെതിരേ തുര്‍ക്കിയിലെ ജനങ്ങള്‍ തീര്‍ത്ത പ്രതിരോധത്തിനു തുല്യമാണ് കശ്‌മീര്‍ ജനതയുടെ പോരാട്ടമെന്നും പാക് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത് എര്‍ദോഗന്‍ പ്രസംഗിച്ചിരുന്നു. എന്നാലിതിനെ ഇന്ത്യ ശക്തിയുക്തം എതിർത്ത്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് നടത്തിയ പ്രതികരണങ്ങള്‍ ഇന്ത്യ നിരാകരിക്കുന്നു.
വസ്‌തുതകളെക്കുറിച്ചു ശരിയാംവണ്ണം മനസിലാക്കിയശേഷമാകണം പ്രതികരിക്കേണ്ടത്. പാകിസ്‌താനില്‍നിന്നുള്ള ഭീകരര്‍ ഇന്ത്യക്ക് ഉയര്‍ത്തുന്ന ഭീഷണി വിസ്‌മരിക്കരുത്. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ തുര്‍ക്കി നേതൃത്വം ഇടപെടരുത്-വിദേശകാര്യ വക്‌താവ് രവീഷ് കുമാര്‍ പറഞ്ഞു.
Post Your Comments