തിരുവനന്തപുരം•കേരളത്തിലേക്ക് കൂടുതൽ കമ്പനികൾ ജപ്പാനിൽ നിന്നെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഡിസ്‌കവർ ജപ്പാൻ സാംസ്‌കാരികോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ ജപ്പാൻ കമ്പനിയായ നിസാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻനിര ജാപ്പനീസ് കമ്പനികളാണ് അധികം താമസിയാതെ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുക. ജപ്പാനിലെ വിമാനക്കമ്പനിക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിർമിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഷിമാനെ, ഒസാക്ക സർവകലാശാലകൾ കേരളവുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്. ഇത് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യും. മത്‌സ്യ മേഖലയിലും ജപ്പാന്റെ സഹകരണം പരിഗണനയിലാണ്. ജപ്പാനിൽ നിവരധി തൊഴിലവസരങ്ങളുണ്ട്. എന്നാൽ ഭാഷയാണ് പ്രശ്‌നം. ഇതിന് പരിഹാരം കാണാൻ കഴക്കൂട്ടം കിൻഫ്രയിലെ ബഹുഭാഷ പഠന കേന്ദ്രം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളവും ജപ്പാനും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളത്. കേരളം നിക്ഷേപത്തിന് മികച്ചയിടമാണെന്ന് ജപ്പാൻ സന്ദർശന വേളയിൽ അവിടത്തെ കമ്പനികൾ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജപ്പാനിൽ നിന്ന് പല കാര്യങ്ങളും നമുക്ക് പഠിക്കാനാവും. അവരുടെ ഒത്തൊരുമ, ശുചിത്വം, ജോലിയോടുള്ള സമർപ്പണം എന്നിവ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അലുമ്‌നി സൊസൈറ്റി ഓഫ് എഒടിഎസ് തിരുവനന്തപുരം സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.
ടൂറിസം സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ശശിതരൂർ എം. പി, ടി. പി. ശ്രീനിവാസൻ, ടി. ബാലകൃഷ്ണൻ, എഒടിഎസ് പ്രതിനിധി ഹിഷാക്കി കാന്റ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Post Your Comments