പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്സായി. നമ്മുടെ ധീരരായ നാല്പത് സിആർപിഎഫ് ജവാന്മാരാണ് അവിടെ വീരമൃത്യു വരിച്ചത്. അതിനു പിന്നിലുണ്ടായിരുന്നത് പാക് ഭീകരരാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നു എന്നതറിയില്ല. പാക് ഭീകരർ തന്നെ, ജെയ്ഷ് ഈ മൊഹമ്മദ്, അക്കാര്യം ഏറ്റെടുത്തതാണ് എന്നതുമോർക്കുക. എന്നാൽ അതൊന്നുമല്ല ദുഃഖകരമായത്; ഇന്നിപ്പോൾ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനമാണത്. ഈ രാജ്യത്തോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ, നമ്മുടെ ധീര ജവാന്മാരോട് എന്തെങ്കിലും ബഹുമാനമുണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിൽ ഒരാൾ പ്രതികരിക്കില്ലായിരുന്നു. നാടിനു നാണക്കേടുണ്ടാക്കുന്ന ഒരു രാഷ്ട്രീയ നേതാവായി രാഹുൽ വീണ്ടും സ്വയം മാറുന്ന കാഴ്ചയാണ് നിന്നുണ്ടായത്.
അവന്തിപോറയിലാണ് പാക് ഭീകരന്മാർ രക്തച്ചൊരിച്ചിൽ നടത്തിയത്; അത് ഒറ്റപ്പെട്ട സംഭവമല്ല; ജമ്മുകാശ്‌മീരിൽ കുറേനാളായി നടന്നുവരുന്ന ഭീകരവേട്ട ഏതാണ്ടൊക്കെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴാണ് സർവശക്തിയും സമ്പാദിച്ചുകൊണ്ട് ഇത്തരമൊരു ക്രൂരതക്ക് ജെയ്ഷ് ഇ മുഹമ്മദിലെ കൊടും ഭീകരർ മുതിർന്നത്. എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്നതല്ല പ്രശ്നം, ഇനി ഇതുപോലൊന്ന് ആവർത്തിച്ചുകൂടാ എന്നതാണ്. അത്തരമൊരു പ്രതിജ്ഞയാണ് കേന്ദ്ര സർക്കാർ അന്ന് എടുത്തത് ……. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കാനും തീരുമാനിക്കാനും സർക്കാർ സുരക്ഷാ സേനകളെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിന്റെ പ്രതികരണവും ലോകം ഇതിനകം കണ്ടതാണല്ലോ. ഇവിടെ നാം ഒന്നുകൂടി കാണേണ്ടതുണ്ട്; ആഗോളതലത്തിൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ ലഭിച്ച പിന്തുണ. ലോക രാജ്യങ്ങൾ എല്ലാം നമുക്കൊപ്പം അണിനിരന്നു, ഒരു പക്ഷെ ചൈന ഒഴികെ. ഇവിടെ പാകിസ്താനൊപ്പം കൂട്ടുപ്രതിയാണ് ബീജിംഗ് എന്നത് മറന്നുകൂടാ. ഇത് ഇന്ത്യയുടെ മാത്രം പ്രശനമല്ലാതായിരിക്കുന്നു എന്നർത്ഥം, ഒരു ആഗോള വിഷയമായിരിക്കുന്നു. ആ തലത്തിലേക്ക് ഈ പ്രശ്നത്തെ കൊണ്ടുപോകാൻ നമുക്കായി എന്നതാണ് ചരിത്രം.
ഈ ഭീകരാക്രമണം കഴിഞ്ഞു 12 നാൾക്കകം, ഫെബ്രുവരി 26 ന്, ഇന്ത്യ കനത്ത തിരിച്ചടിയും നടത്തി. ബാലക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പാണ് നമ്മുടെ വ്യോമസേനാ മിന്നലാക്രമണത്തിലൂടെ തകർത്തത്. ജെയ്ഷയ്ന്റെ ഏറ്റവും വലിയ ഭീകര പരിശീലന ക്യാമ്പായിരുന്നു അത്. അത് തകർന്ന് നാമാവശേഷമായി. എത്രപേർ കൊല്ലപ്പെട്ടു എന്നതേയുള്ളു സംശയം. പിറ്റേന്ന് പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് മുതിർന്നത് കൂടി ഓർക്കുക; എന്തുകൊണ്ടാണത്?. തങ്ങളുടെ ഭൂമികയിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കുപറ്റി എന്നതല്ലേ കാരണം. അതിനിടയിലാണ് നമ്മുടെ വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാനിൽ പെട്ടുപോയത്. എന്നാൽ ഒരു പരിക്കും കൂടാതെ ആ വ്യോമസേനാ കമാണ്ടർ രക്ഷിക്കാൻ ഇന്ത്യക്കായി. യഥാർഥത്തിൽ ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ ജനത ഒറ്റക്കെട്ടായി സൈനികർക്കൊപ്പം, സർക്കാരിനൊപ്പം അണിനിരന്നു. അപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിച്ചത് രാഹുൽ ഗാന്ധിയും പരിവാറുമാണ്. അവരെ അന്നേ അലട്ടിയിരുന്നത്, ഇന്ത്യൻ വ്യോമസേന നടത്തുന്ന തിരിച്ചുള്ള ആക്രമണമാണ്. അതുനടന്നാൽ ഇന്ത്യൻ ജനത നരേന്ദ്ര മോഡി സർക്കാരിനെ പിന്തുണക്കും, അത് പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും പ്രതിപക്ഷത്തിനും തിരിച്ചടിയാവും എന്ന് അവരൊക്കെ കരുതി.
ഭീകരാക്രമണങ്ങളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ന്യായീകരിക്കുന്ന സമീപനമാണ് നമ്മുടെ പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചിരുന്നത് എന്നത് മറന്നുകൂടാ; കാശ്മീരിൽ പ്രത്യേകിച്ചും. സൈനികരെ കല്ലെറിയുന്നവരെ സ്വാതന്ത്ര്യ സമരസേനാനിമാരായി കണ്ടതും, അവർക്കെതിരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നതിനെതിരെ സുപ്രീം കോടതിവരെ പോയതും, ഭീകരരെ ആക്രമിച്ചതിന് സൈനിക ഉദ്യോഗസ്ഥരെ ജയിലിൽ അടച്ചതുമൊക്കെ രാജ്യത്തിന് മറക്കാനാവാത്ത കാര്യങ്ങളാണല്ലോ. സൂചിപ്പിച്ചത്, തീവ്രവാദികളെ ഒരുവിധത്തിൽ സംരക്ഷിക്കുന്ന, സഹായിക്കുന്ന നിലപാട് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ പലപ്പോഴായി സ്വീകരിച്ചു പോന്നിരുന്നു. നമ്മുടെ ക്യാംപസുകളിൽ മുഴങ്ങിയ ‘കാശ്‍മീരിനെ സ്വാതന്ത്രമാക്കും, ഇന്ത്യയെ വെട്ടിമുറിക്കും’ എന്നും മറ്റുമുള്ള രാജ്യദ്രോഹകരമായ മുദ്രാവാക്യങ്ങൾക്ക് പ്രേരണയായത് ആരാണ് എന്നത് രാജ്യം കണ്ടതല്ലേ. ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും ഏറ്റവുമൊടുവിൽ അലിഗറിലും നാം അത് കേട്ടു ; ആദ്യ രണ്ടിടത്ത് ഇക്കൂട്ടർക്കൊപ്പം വേദിപങ്കിടാൻ ഇന്ത്യയിലെ മുതിർന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു എന്നതോർക്കുക. കാശ്മീരിൽ ഹുറിയത്തുകാർ പരസ്യമായി നടത്തുന്ന പാക് അനുകൂല നീക്കങ്ങൾ തന്നെയാണ് ഈ ക്യാംപസുകളിൽ കണ്ടത്; അതിനെ തുണക്കാൻ പ്രോത്സാഹിപ്പിക്കാൻ രാഹുൽ ഗാന്ധിയും യെച്ചൂരിയും കെജ്‌രിവാളും ശശി തരൂരും വരെ ഉണ്ടായെങ്കിൽ അതൊരു ചെറിയ പ്രശ്നമല്ലല്ലോ. അതിന്റെ തുടർച്ചയാണ് അടുത്തിടെ നടന്ന പൗരത്വ നിയമ വിരുദ്ധ സമരങ്ങൾ. ഇന്ത്യയെ വെട്ടിമുറിക്കുമെന്ന് പ്രഖ്യാപിച്ചവർ തന്നെയാണ് ഈ സമരങ്ങൾക്ക് നേതൃത്വമേകിയതും. കാശ്മീരിനെ വെട്ടിമുറിക്കണം എന്ന് വിളിച്ചുകൂവിയവ ർ തന്നെയാണ് ഈ സമരാഭാസത്തിന് നടുവിലുണ്ടായിരുന്നത്. അതിനൊക്കെ പിന്തുണയുമായി നടന്ന രാഹുലും പ്രിയങ്കയുമാണ് ഇപ്പോൾ ഭീകരാക്രമണത്തിന്റെ നേട്ടത്തെ കുറിച്ച് സംസാരിക്കുന്നത്.
പുൽവാമയിലെ ഭീകരാക്രമണം കൊണ്ട് എന്ത് നേടിയെന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചത്. ഇത് കേൾക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത്. എന്നാൽ ആ പ്രസ്താവന കുറെ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു, സാധാരണക്കാരുടെ മനസ്സിലെങ്കിലും. ഇന്ദിര ഗാന്ധി വെടിയേറ്റുമരിച്ചത് അവരുടെ വസതിയിൽ വെച്ചല്ലേ. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടിയല്ലോ; അന്ന് പ്രധാനമന്ത്രിയായത് രാഹുൽ ഗാന്ധിയുടെ പിതാവല്ലേ. എന്താണ്, ഇന്ദിരയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത് കോൺഗ്രസിനുണ്ടാക്കിയ അന്നുണ്ടായ നേട്ടം എന്ന് രാഹുൽ വിശദീകരിക്കുമോ?. കഴിഞ്ഞില്ല, രാജീവ് ഗാന്ധി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതോ? അതിന്റെ രാഷ്ട്രീയമെന്താണ്? അന്ന് രാജീവ് കൊല്ലപ്പെട്ടത് കൊണ്ട് കോൺഗ്രസിനുണ്ടായ രാഷ്ട്രീയ നേട്ടമെന്താണ്? സ്വന്തം ഭർത്താവ് കൊല്ലപ്പെട്ടത് രാഷ്ട്രീയ നേട്ടമാണ് എന്ന് സോണിയ ഗാന്ധി കരുതുന്നുണ്ടോ?
രാജ്യത്തിൻറെ സുരക്ഷയുടെ പ്രശ്നമാണ് പുൽവാമ. അതിനെ അതിന്റെതായ അർത്ഥത്തിലാണ് കേന്ദ സർക്കാർ കണ്ടതും നടപടി സ്വീകരിച്ചതും. അതിന് പിന്തുണ കൊടുത്തില്ല എന്ന് മാത്രമല്ല ഇന്നിപ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. പാക്കിസ്ഥാന്റെ മുഖവും നാവുമായി ചില ഇന്ത്യൻ രാഷ്ട്രീയക്കാർ മാറുന്നുവോ എന്ന് ചിലരെങ്കിലും സംശയിക്കുന്നത് ഇതൊക്കെ കൊണ്ടാണ്.
Post Your Comments