കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ ടൂറുകൾക്കുണ്ടായിരുന്ന നിയന്ത്രണം നീക്കിയതിന്റെ ആഹ്ലാദത്തിലാണ് ജില്ലയിലെ സ്‌കൂളുകളും വിദ്യാർത്ഥികളും. പലരും മാറ്റിവെച്ച യാത്രകൾ തുടരാനുള്ള ഉത്സാഹത്തിലും. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇൻഡസ്ട്രിയൽ സന്ദർശനങ്ങൾ, വിനോദ/പഠന യാത്രകൾ എന്നിവ പോകുമ്പോൾ പാലിക്കേണ്ട സുരക്ഷ നിയമാവലികൾ ഓർമ്മിപ്പിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. അറിഞ്ഞിരിക്കേണ്ടത് ഇവയെല്ലാം..
1. യാത്ര പോകുന്നതിന് പോകുന്ന സ്ഥലം, സന്ദർശിക്കുന്ന സ്ഥാപനങ്ങൾ, ദിവസം എന്നിവയെക്കുറിച്ച് പ്രധാനാധ്യാപകന് അറിവുണ്ടായിരിക്കണം. സ്ഥാപനങ്ങളും സ്ഥലങ്ങളും മറ്റും സന്ദർശിക്കുന്നതിന് മുമ്പായി കുട്ടികൾക്ക് അവയെ കുറിച്ചുള്ള അറിവ് നൽകണം.
2. അപകടകരമായ ഇടങ്ങളിൽ കുട്ടികളെ യാത്രയ്ക്ക് കൊണ്ടു പോകരുത്. യാത്രയ്ക്കിടയിൽ ഫസ്റ്റ് എയ്ഡ്, അത്യാവശ്യ മരുന്നുകൾ എന്നിവ കരുതണം.
3. യാത്ര പോകുന്നതിനു മുമ്പ് തന്നെ താമസം, ഭക്ഷണം, സന്ദർശന സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവ നേരത്തെ ബുക്ക് ചെയ്യണം.
4. 20 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലാണ് മേൽനോട്ടം വേണ്ടത്. പെൺകുട്ടികൾക്ക് പ്രത്യേക വനിത അധ്യാപകരും ഉണ്ടായിരിക്കണം. രക്ഷകർത്താക്കളുടെ സമ്മതപത്രവും മൊബൈൽ നമ്പറുകളും വാങ്ങണം. യാത്രയുടെ മുഴുവൻ കണക്കുകളും യാത്ര ചെയ്ത കുട്ടികളെയും അധ്യാപകരെയും വിളിച്ചുചേർത്ത അവതരിപ്പിക്കുകയും സമ്മതം വാങ്ങുകയും ചെയ്യണം.
5. യാത്രകൾ അവധി ദിവസങ്ങളിൽ മാത്രം നടത്തണം. യാത്രക്ക് പോകുന്ന കുട്ടികൾ ഒന്നു മുതൽ രണ്ടു ശതമാനം വരെയാണ്. അവർക്കുവേണ്ടി റഗുലർ ക്ലാസ്സുകൾ നഷ്ടപ്പെടുത്തുന്ന രീതി അനുവദിക്കില്ല.
6. യാത്രാവേളകളിൽ അധ്യാപകർ പുകവലിക്കുന്നതും മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണ്. കുട്ടികളും ഇത്തരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഇല്ലാതാക്കേണ്ടതാണ്. ഉപയോഗിച്ചാൽ ഗുരുതരമായ ശിക്ഷ നടപടികൾക്കാണ് ഇരുകൂട്ടരും വിധേയമാവുക.
7. പഠനയാത്രകൾ പോവുകയാണെങ്കിൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെടുത്തി മാത്രം നടത്തേണ്ടതാണ്. അവർ പഠിക്കുന്ന മേഖലകളിൽ ഉൾക്കാഴ്ച ഉണ്ടാക്കുന്നതാകണം പോകുന്ന സ്ഥലം. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക ചുമതലകൾ നൽകണം. യാത്രയുമായി ബന്ധപ്പെട്ട കുട്ടികളുടെ യാത്രക്കുറിപ്പുകൾ, ചിത്രരചനകൾ, കഥാ-കവിത സാമ്പത്തിക വിശകലനം, വിമർശന കുറിപ്പുകൾ, എന്നിവ സ്‌കൂൾ മാഗസിനുകളിൽ പ്രസിദ്ധീകരിക്കണം.
കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച അവസരത്തിൽ സ്‌കൂളിൽ നിന്ന് പഠനയാത്രകൾ പോകുന്നത് 2020 മാർച്ച് 31 വരെ സർക്കാർ നിർത്തി വെച്ചിരുന്നു.
Post Your Comments