തിരുവനന്തപുരം: കേരള പൊലീസിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഇടപെടലിന് സാധ്യത. തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ എന്‍.ഐ.എ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ബി.ജെ.പിയും കോണ്‍ഗ്രസും ഉന്നയിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു.
അതേസമയം, ആരോപണങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ തയാറായിട്ടുമില്ല. കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തില്‍ പണം ചെലവഴിക്കുന്ന പൊലീസ് നവീകരണ പദ്ധതി പ്രകാരം വി.ഐ.പി സുരക്ഷക്ക് എന്നതുള്‍പ്പെടെ കാരണം പറഞ്ഞാലും ആഡംബരകാറുകള്‍ വാങ്ങാന്‍ കഴിയില്ല. സ്റ്റേഷനുകളുടടെയും ക്യാമ്പുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ഉതകുന്ന രീതിയില്‍ ജീപ്പുകളും ട്രക്കുകളും വാനുകളും ബൈക്കുകളും വാങ്ങാന്‍ ഈ പണം ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി വി.മുരളീധരനും നല്‍കുന്നത്. ഡി.ജി.പിയെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നല്കി. പൊലീസിന് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ 1.26 കോടി രൂപ അനുവദിച്ചത് 2016-17ലാണ്. സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്താണ് അനുമതി നല്‍കിയത്. എന്നാല്‍ ടെന്‍ഡര്‍ വിളിക്കാതെ ഡി.ജി.പി ടെക്നിക്കല്‍ കമ്മിറ്റിക്ക് രൂപം നല്‍കുകയും 55.02 ലക്ഷത്തിനു പജീറോ വാങ്ങാന്‍ ശിപാര്‍ശ നല്‍കുകയുമായിരുന്നു. ടെന്‍ഡര്‍ വിളിക്കാതെതന്നെ 1.10 കോടി രൂപക്ക് രണ്ട് വാഹനങ്ങള്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് വാങ്ങാനും തീരുമാനിച്ചു. സി എ ജി റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാകാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിച്ചില്ലെന്നും നിയമസാധുത നല്‍കണമെന്നുമാണ് സര്‍ക്കാറിനോട് പറഞ്ഞത്. സര്‍ക്കാറില്‍നിന്നുള്ള നിയമസാധുത കാത്തുനില്‍ക്കാതെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍സ് കോര്പറേഷന് 33 ലക്ഷം രൂപ നല്‍കിയിരുന്നു.
Post Your Comments