ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍.
ഡൽഹി പോലീസ് ബുധനാഴ്‌ചയാണ് ഇവരെ പിടികൂടിയത്.
കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുകയും അശ്ലീലപ്രദര്‍ശനം നടത്തുകയും യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. സമൂഹമാധ്യമത്തിലൂടെ ചില വിദ്യാര്‍ത്ഥിനികള്‍ ദുരനുഭവങ്ങള്‍ പങ്കുവച്ചതോടെയാണ് വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.
കോളജിലെ വാര്‍ഷികാഘോഷം ഫെബ്രുവരി 6ന് ആയിരുന്നു. പാരിപാടിക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസ്സിന് ഇടയിലുള്ളവരാണ് കോളജില്‍ എത്തിയതെന്നും ഇവര്‍ ക്യാംപസിനുള്ളില്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോടു അപമരാദ്യയായി പെരുമാറുകയും ചെയ്തെന്നും ഒരു വിദ്യാര്‍ഥിനി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.
‘ജയ് ശ്രീറാം’ വിളിച്ചാണ് ആളുകള്‍ ക്യാംപസിനുള്ളില്‍ പ്രവേശിച്ചതെന്ന് ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാംപസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസിന്റെ 11 സംഘങ്ങളാണ് അന്വേഷണം നടത്തിയത്. നിരവധി പേരെ ചോദ്യംചെയ്യുകയും പ്രതികളില്‍ പലരെയും തിരിച്ചറിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗാര്‍ഗി കോളേജ് അധികൃതരെയും പോലീസ് ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് 10 പ്രതികളുടെയും അറസ്റ്റുണ്ടായത്.
Post Your Comments