Kerala

മാധ്യമ പ്രവർത്തനം മന:സാക്ഷിക്കനുസൃതമാകണം:എ എം ആരിഫ് എം പി

ആലപ്പുഴ:മന:സാക്ഷിക്കനുസൃതമാകണം മാധ്യമപ്രവർത്തനമെന്ന് അഡ്വ എ എം ആരിഫ് എം പി.കേരള മീഡിയ അക്കാദമി പ്രസ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രാദേശിക പത്രപ്രവർത്തക ശിൽപ്പശാല ഹോട്ടൽ ആർക്കാഡിയ റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണ നിലയ്‌ക്ക് കണ്ണിൽപ്പെടാതെ പോകുന്ന പല വസ്‌തുതകളും പുറത്തുകൊണ്ടുവരുന്നതിൽ മാധ്യമ പ്രവർത്തകർക്ക് വലിയ പങ്കുണ്ട്.മാധ്യമ പ്രവർത്തനത്തിന്റെ ധാർമിക മൂല്യം അളന്നുതിട്ടപ്പെടുത്താൻ കഴിയുന്നതിനുമപ്പുറമാണ്.മാറുന്ന കാലത്തിനനുസരിച്ച് മാധ്യമ പ്രവർത്തകരെ സുസജ്ജമാക്കാൻ ഇതുപോലുള്ള ശില്പശാലകളും മത്സരാധിഷ്ഠിത പരിപാടികളും അനിവാര്യമാണ്.ജനാധിപത്യത്തിലെ നാലാം തൂണായി കണക്കാക്കുന്ന മാധ്യമങ്ങളുടെ സ്വാധീനവലയത്തിലാണ് മറ്റ് ഘടകങ്ങളായ ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയുമെന്നും എം പി പറഞ്ഞു.

കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു.മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ സ്കിൽ സെന്റർ ഇൻഫർമേഷൻ ഓഫീസുകളുടെയും [പത്ര പ്രവർത്തക സംഘടനകളുടെയും സഹകരണത്തോടെ എല്ലാ ജില്ലകളിലും നൂതന മാധ്യമ സാങ്കേതികവിദ്യകളിൽ പരിശീലന പരിപാടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ല ഇൻഫർമേഷൻ ഓഫീസർ കല കെ,പ്രസ് ക്ലബ് പ്രസിഡന്റ് കെ യു ഗോപകുമാർ,സെക്രട്ടറി ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു. കോട്ടയം പ്രസ് ക്ലബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ തേക്കിൻകാട് ജോസഫ്,മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ പി രാജേന്ദ്രൻ,മനോരമ ന്യൂസ് എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ എ അയ്യപ്പദാസ് എന്നിവർ ക്ലാസുകളെടുത്തു.ശിൽപശാലയിൽ പങ്കെടുത്തവർക്ക് എൻ പി രാജേന്ദ്രനും ചന്ദ്രഹാസൻ വടുതലയും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകി.

shortlink

Related Articles

Post Your Comments


Back to top button