കണ്ണൂര്‍: സംസ്ഥാനത്തെ ട്രെയിനുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ നിർണായക നീക്കങ്ങളുമായി പൊലീസ്. അന്വേഷണം സ്ഥിരം കുറ്റവാളികളായ അന്യസംസ്ഥാന സംഘങ്ങള്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.
രണ്ട് ട്രെയിനുകളിലായി യാത്രക്കാരെ കൊള്ളയടിച്ച് കവര്‍ന്നത് 14 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണവുമാണ്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലും തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ് പ്രസിലും കവര്‍ച്ച നടന്നത്.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ മൂന്ന് അന്യസംസ്ഥാന സംഘങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അറിയുന്നു. പഴുതടച്ച നിലയിലാണ് കേസ് അന്വേഷിക്കുന്നത്. കിട്ടാവുന്നിടത്തോളം വിരലടയാളങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മോഷ്ടാക്കള്‍ക്ക് ഇത്തരത്തില്‍ കൃത്യമായി വിവരം ലഭിക്കണമെങ്കില്‍ റെയില്‍വേയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആരുടെയെങ്കിലും സഹായം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. റെയില്‍വേയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും കവര്‍ച്ചയുമായി ബന്ധമുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
പൊലീസിന്റെ നിരീക്ഷണത്തിലുള്ള സംഘത്തിന്റെ മോഷണ രീതിയും രണ്ട് ട്രെയിനുകളിലും നടന്ന മോഷണ രീതിയും ഏതാണ്ട് സമാന സ്വഭാവം ഉള്ളതാണെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ അന്വേഷണിലെ കൃത്യമായ പുരോഗതി പുറത്ത് പറയാന്‍ പൊലീസ് തയ്യാറായിട്ടില്ല. വിവരങ്ങള്‍ പുറത്തുപോയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ് പ്രസില്‍ നടന്ന മോഷണത്തില്‍ ചെന്നൈ സ്വദേശി പൊന്നുമാരന്റെ 10 ലക്ഷം രൂപയുടെ ആഭരണവും മലബാര്‍ എക്സ് പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശി വൈശാഖിന്റെയും ഭാര്യ പ്രവീണയുടെയും 4 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്. റെയില്‍വെ പൊലീസ് ഡിവൈ.എസ്.പി എ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments