പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവും 16 കിലോ കഞ്ചാവും പിടികൂടി. രണ്ട് കോഴിക്കോട് സ്വദേശികള്‍ ചേര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതേസമയം കഞ്ചാവ് കടത്തിയ തൃശ്ശൂര്‍ സ്വദേശിയേയും ആര്‍ പി എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടി.
ചെന്നൈ പാലക്കാട് എക്‌സ്പ്രസില്‍ നിന്നാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ ഹബീബ് റഹ്മാന്‍, പി.ഇ മിഥുന്‍ എന്നിവരില്‍ നിന്ന് ഒരു കിലോ എണ്‍പത് ഗ്രാം തൂക്കം വരുന്ന സ്വര്‍ണം ആര്‍ പി എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഗര്‍ഭ നിരോധന ഉറകളില്‍ പൊതിഞ്ഞ് ക്യാപ്‌സൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ഇവര്‍ക്ക് സ്വര്‍ണം എത്തിച്ച് നല്‍കിയവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
അതേസമയം ചെന്നൈ മംഗലാപുരം എക്‌സ്പ്രസ്സില്‍ പാലക്കാട് ഇറങ്ങിയ തൃശൂര്‍ അരണാട്ടുകര സ്വദേശി ലിബിനില്‍ നിന്നാണ് പതിനാറ് കിലോ കഞ്ചാവ് ആര്‍ പി എഫ് പിടികൂടിയത്. സേലത്ത് നിന്ന് കഞ്ചാവുമായി കയറിയ ലിബിന്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തൃശ്ശൂരിലേക്ക് ബസ്സില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പത്ത് ലക്ഷത്തിലേറെ വിലമതിപ്പുള്ള കഞ്ചാവാണ് പിടിക്കൂടിയത്.
Post Your Comments