KeralaLatest NewsNews

മോഷണം പോയ കാര്‍ മുന്നിലെത്തിയിട്ടും സ്വന്തമാക്കാന്‍ പറ്റാതെ നിസ്സഹായനായി ഉടമ ; മുസ്തഫയുടെ ദുരവസ്ഥ ഇങ്ങനെ

കാസര്‍കോട്: മോഷണം പോയ കാര്‍ മുന്നിലെത്തിയിട്ടും സ്വന്തമാക്കാന്‍ പറ്റാതെ നിസ്സഹായനായി ഉടമ. 3 വര്‍ഷം മുന്‍പാണ് പള്ളിക്കര ഹദ്ദാദ് നഗര്‍ സ്വദേശി മുസ്തഫയുടെ കാര്‍ മോഷണം പോയത്. പക്ഷെ കൈയെത്തും ദൂരത്ത് തന്റെ വണ്ടി കണ്ടിട്ടും സ്വന്തമാക്കാന്‍ പറ്റാത്ത മുസ്തഫയുടെ ദുരവസ്ഥ ഇങ്ങനെ.

സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാര്‍ വിട്ടുകൊടുത്തു. എന്നാല്‍ സംഭവിച്ചതോ,മറ്റൊന്ന് കെഎല്‍ 60 5227 റജിസ്‌ട്രേഷനുള്ള കാറുമായി സുഹൃത്ത് കടന്നു കളഞ്ഞു. ഒടുവില്‍ പ്രതിയെ പോലീസ് പൊക്കിയെങ്കിലും വാഹനം കിട്ടിയില്ല. ആര്‍ടി ഓഫിസില്‍ തിരക്കിയെങ്കിലും തന്റെ പേരിലെ റജിസ്‌ട്രേഷന്‍ മാറ്റിയിട്ടില്ലെന്നു കണ്ടു.വണ്ടി കിട്ടാതായതോടെ മുസ്തഫ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ ഹൊസ്ദുര്‍ഗ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കോടതി ബേക്കല്‍ പൊലീസിനു നോട്ടിസ് അയച്ചു. കാര്‍ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതിയില്‍ മറുപടി നല്‍കിയതോടെ കോടതി നടപടിയും അവസാനിച്ചു.

എന്നാല്‍ മുസ്തഫയെ തേടി കഴിഞ്ഞ മാസം കാഞ്ഞങ്ങാട്ടെ കാര്‍ സര്‍വീസ് സെന്ററില്‍ നിന്ന് ഒരു ഫോണ്‍കോള്‍ എത്തി. താങ്കളുടെ കാര്‍ സര്‍വീസ് ചെയ്യാന്‍ സമയമായി, കൊണ്ടുവരുന്നില്ലേ എന്നതായിരുന്നു ചോദ്യം. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നു മുസ്തഫ മറുപടി നല്‍കി. അതോടെ സര്‍വീസ് സെന്ററുകാര്‍, കാര്‍ എവിടെയെങ്കിലും സര്‍വീസിനെത്തിച്ചിരുന്നോ എന്നു പരിശോധിച്ചു.

ഒന്നര വര്‍ഷം മുന്‍പ് സര്‍വീസിനായി കണ്ണൂരില്‍ എത്തിച്ചിരുന്നതായി വിവരം ലഭിച്ചു. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ സംഭവത്തിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി കാര്‍ മുസ്തഫയുടെ മുന്നിലെത്തി. പരിയാരത്തേക്കു പോകാന്‍ ബസില്‍ യാത്ര ചെയ്യവേ ഇരിക്കൂറില്‍ വച്ച് തന്റെ മോഷ്ടിക്കപ്പെട്ട കാര്‍ ആരോ ഓടിച്ചുകൊണ്ടു പോകുന്നതായി കാണുകയായിരുന്നു. ഉടന്‍ തന്നെ ബസില്‍ നിന്നു മുസ്തഫ ഇറങ്ങിയെങ്കിലും കാറിനടുത്തെത്താന്‍ സാധിച്ചില്ല. തുടര്‍ന്നു കാഞ്ഞങ്ങാട് ആര്‍ടി ഓഫിസില്‍ ചെന്ന് വിവരം അറിയിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ വണ്ടിയുടെ ആര്‍സി ബുക്ക് ഒരു വര്‍ഷത്തിനിടെ 2 തവണ മാറിയതായി കണ്ടു.

മോഷ്ടിച്ചയാള്‍ വണ്ടി ആദ്യം കണ്ണൂര്‍ സ്വദേശിക്കും പിന്നീട് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിക്കും വിറ്റിരുന്നു. ഇരിക്കൂര്‍ സ്വദേശിയുടെ പേരിലാണ് ഇപ്പോള്‍ വണ്ടി. ഇരിക്കൂര്‍ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കല്‍ പൊലീസിനു കൈമാറി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മുസ്തഫയ്ക്കു കാര്‍ തിരികെ കിട്ടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button