ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനു നേരെ ചീമുട്ട എറിയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ യുവജനം വടികൊണ്ട് അടിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ തിരിച്ചടിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ മൂലമാണ് അദ്ദേഹം അമേഠിയില്‍ തോറ്റത്. രാഹുല്‍ രാജ്യത്തിന് നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനാണെന്നും അഠാവാല കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗിച്ച് നടക്കുകയാണെന്നും ആറ് മാസം കഴിഞ്ഞാല്‍ രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
രാഹുലിനു മറുപടിയുമായി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു. ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാന്‍ സൂര്യനമസ്കാരം ചെയ്ത് തന്റെ ശരീരത്തെ തയാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Post Your Comments