തിരുവനന്തപുരം: ദോഷപരിഹാര പൂജയുടെ മറവില്‍ തട്ടിപ്പ് നടത്തി ഡോക്ടര്‍ ദമ്പതിമാരെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്തയാള്‍ ഒടുവില്‍ പിടിയില്‍. മുക്കോല ഷിര്‍ദി ഫേസ് 2 സൗപര്‍ണിക അപ്പാര്‍ട്ടുമെന്റില്‍ 3 പി ഫ്ളാറ്റില്‍ അജിത്കുമാറാണ് പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഡോക്ടര്‍ ദമ്പതിമാരെ കബളിപ്പിച്ച് 52.5 ഗ്രാം സ്വര്‍ണ്ണവും 1,99,500 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.
അയല്‍വാസികളായ ദമ്പതിമാരെ മോതിരം ധരിച്ചാല്‍ അപകടമുണ്ടാകുമെന്നു തെറ്റിദ്ധരിപ്പിച്ച് അജിത് കുമാര്‍ ദോഷപരിഹാര പൂജയ്ക്കായി ക്ഷണിച്ചു. സൈന്യത്തില്‍നിന്നു വിരമിച്ചയാളാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.എന്നാല്‍ പൂജയ്ക്കുവേണ്ടി വാങ്ങിയ സ്വര്‍ണം പിന്നീട് തിരിച്ചുനല്കാതായതോടെ ദമ്പതിമാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടതോടെ ഇയാള്‍ ഒളിവില്‍പ്പോവുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് ഇയാളെ മണ്ണന്തല പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ ശാലിനിയും തട്ടിപ്പില്‍ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments