ജയ്പൂര്‍: ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാംസ്ഥാനം. 16കാരനായ അബ്ദുള്‍ കാഗ്‌സിയാണ് അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷൻ സംഘടിപ്പിച്ച ഭഗവത് ഗീത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. രണ്ടു ഘട്ടങ്ങളിലായി ആറുമാസം നീണ്ട കഠിനമായ മത്സരമായിരുന്നു സംഘാടകർ നടത്തിയത്. ലിറ്റില്‍ കൃഷ്ണ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് തന്നെ കൃഷ്ണനിലേക്ക് അടുപ്പിച്ചതെന്നും ഇതിലൂടെ കൃഷ്ണന്‍ എത്രമാത്രം ബുദ്ധിശാലിയാണ് എന്ന് തിരിച്ചറിഞ്ഞെന്നും അനായാസമായി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന കൃഷ്ണനില്‍ തനിക്ക് ആരാധന തോന്നിയെന്നും അബ്ദുള്‍ കാഗ്‌സി പറയുന്നു.
സംസ്‌കൃത ശ്ലോകങ്ങളും അനായാസമായി ചൊല്ലാൻ ഈ മിടുക്കന് കഴിയും. ഞായറാഴ്ചയാണ് 16കാരന് പുരസ്‌കാരം സമ്മാനിക്കുന്നത്. ജയ്പൂരില്‍ പലചരക്ക് കട നടത്തുകയാണ് അബ്ദുള്‍ കാഗ്‌സിയുടെ പിതാവ്. വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവും പിതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് കാഗ്‌സി പറയുന്നു.
Post Your Comments