തൃശ്ശൂര്‍: ലോകമാകെ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശ്വാസ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശ്ശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പത്തായി കുറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയില്‍ നിന്ന് ഏഴ് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
അതേസമയം ഇന്ന് രണ്ട് പേരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 253 ആണ്. ഇന്ന് ഒരു സാംപിളാണ് പരിശോധനയ്ക്കയച്ചിട്ട്ുള്ളത്. 76 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 70 സാംപിളുകളുടെ ഫലത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടേത് ഒഴികെ മറ്റെല്ലാ ഫലവും നെഗറ്റീവാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണ്.
അതേസമയം ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇന്ന് നാല് പേരെ ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി പ്രവേശിപ്പിച്ച ഒരാളടക്കം നാല് പേര്‍ ആശുപത്രിയിലും 209 പേര്‍ വീട്ടിലുംനിരീക്ഷണത്തിലുണ്ട്. രോഗം ജില്ലയില്‍ നിയന്ത്രണ വിധേയമായി തുടരുകയാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 191 ഐസൊലേഷന്‍ മുറികള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments