Latest NewsIndiaNews

കൊറോണ വൈറസ്: സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു: സംസ്ഥാനത്ത് 3014 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 3 നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സംസ്ഥാന ദുരന്ത പ്രഖ്യാപനം പ്രിന്‍വലിച്ചത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി പ്രാഥമിക തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാ വ്യക്തികളും കര്‍ശനമായ നിരീക്ഷണത്തിലാണ്. ദ്വിതീയ തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം സംസ്ഥാനം സന്ദര്‍ശിച്ചു ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ചു. ഫെബ്രുവരി മൂന്നിന് ശേഷം ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം ഇതിനാല്‍ പിന്‍വലിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള കര്‍ശനമായ ജാഗ്രതയും നിരീക്ഷണവും തുടരുകയും എല്ലാ പ്രോട്ടോക്കോളുകള്‍ തുടര്‍ന്നും നിലവിലുണ്ടായിരിക്കുകയുചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3014 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2953 പേര്‍ വീടുകളിലും, 61 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 285 സാമ്പിളുകള്‍ എന്‍. ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 261 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എന്‍.ഐ.വി. യുണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുന്നതാണ്. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കുന്നതായിരിക്കും. വീടുകളില്‍ കഴിയുന്നവരും ശ്രദ്ധിക്കണം. ഒരു തരത്തിലും ജീവാപായം ഉണ്ടാകരുത്. സംസ്ഥാന ദുരന്ത പ്രഖ്യാപനം മാറുന്നു എങ്കിലും കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ ആരോഗ്യ വകുപ്പ് തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണ്.

3 പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും കരുതലോടെ മുന്നേറാന്‍ കഴിഞ്ഞതില്‍ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും ആശ്വാസമാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. വലിയ പിന്തുണയാണ് മുഖ്യമന്ത്രി നല്‍കിയത്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ചതിനും നിരീക്ഷണത്തില്‍ കഴിഞ്ഞതിനും സംതൃപ്തിയുണ്ട്. അഹോരാത്രം ജോലിചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് വകുപ്പുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button