ചെന്നൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴ് സൂപ്പര്‍ താരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്‌തു. അദ്ദേഹത്തെ ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. രാത്രി വൈകിയും പരിശോധനകള്‍ തുടരുന്നുവെന്നായിരുന്നു അവസാനത്തെ റിപ്പോർട്ട് .എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.
എ.ജി.എസ് . സിനിമാസ് നിര്‍മിച്ചു വിജയ് നായകനായി അടുത്തിടെ പുറത്തുവന്ന “ബിഗില്‍” സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും. സിനിമാ നിര്‍മാണത്തിനു പണം നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധനയുണ്ടായിരുന്നു. കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്‌ഥലത്ത് “മാസ്‌റ്റര്‍” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. ഇവിടെയെത്തിയാണ് ഉദ്യോഗസ്‌ഥര്‍ നോട്ടിസ് നല്‍കിയത്.
വിജയ്‌യിന്റെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധനയുണ്ടായിരുന്നു. 180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ “ബിഗില്‍” വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു. ബിഗിലിന്റെ നിര്‍മാതാക്കളായ എ.ജി.എസ്. ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു.
പിന്നാലെയാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വിജയ്‌യെ ആദായ നികുതി വിഭാഗം ചോദ്യം ചെയ്യുന്നെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി. വിജയ് ഫാന്‍സ് “വിസ്‌റ്റാന്‍ഡ്‌വിത്ത്‌വിജയ്” എന്ന ഹാഗ്‌ടാഗ് തുടങ്ങി. വിജയ്‌ക്കെതിരേ കേസുകളില്ല. എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് അദ്ദേഹം കരുത്തനായി തിരിച്ചുവരും- അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ ട്വീറ്റ് ചെയ്‌തു.
Post Your Comments