Latest NewsKeralaNews

പ്രവാസിക്ഷേമവും പാവപ്പെട്ടവരോടുള്ള കരുണയുമൊക്കെ വെറും വാചകമടി മാത്രമായി മാറുമ്പോള്‍ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം, നമ്മുടെ നാട്ടില്‍

കൊല്ലം ജില്ലയിലെ പുനലൂരില്‍ അജയകുമാര്‍ എന്ന ഗൃഹനാഥന്റെ മരണത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും സഹകരണ ബാങ്ക് അധികൃതരമാണെന്ന് ശോഭാ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. പ്രവാസിമലയാളികളേക്കുറിച്ച് ഓര്‍ത്ത് ‘ഊണും ഉറക്കവും നഷ്ടപ്പെടുന്ന’ മുഖ്യമന്ത്രിയുള്ള കേരളത്തില്‍ വീണ്ടുമൊരു പാവപ്പെട്ട പ്രവാസി കൂടി സ്വയം ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. പ്രവാസിക്ഷേമവും പാവപ്പെട്ടവരോടുള്ള കരുണയുമൊക്കെ വെറും വാചകമടി മാത്രമായി മാറുമ്പോള്‍ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം, നമ്മുടെ നാട്ടില്‍ എന്ന് ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വന്തം അധ്വാനഫലം ഉപയോഗിച്ച് ഒരു വര്‍ക്ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ കേരളം ഭരിക്കുന്നവരുടെ അനുയായികള്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിച്ചതില്‍ മനസ്സുതകര്‍ന്നാണ് സുഗതന്‍ മാസങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഇതിലൊക്കെ എന്താണ് പങ്കെന്ന് അദ്ദേഹത്തിന്റെ അനുയായികളും ആരാധകവൃന്ദവും പിണറായിഭക്തി അലങ്കാരമാക്കി മാറ്റിയ സാംസ്‌കാരിക നായകരും ചോദിച്ചേക്കാമെന്നും ശോഭ സുരേന്ദ്രന്‍ കുറിച്ചു

ശോഭ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പ്രവാസിമലയാളികളേക്കുറിച്ച് ഓര്‍ത്ത് ‘ഊണും ഉറക്കവും നഷ്ടപ്പെടുന്ന’ മുഖ്യമന്ത്രിയുള്ള കേരളത്തില്‍ വീണ്ടുമൊരു പാവപ്പെട്ട പ്രവാസി കൂടി സ്വയം ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. പ്രവാസിക്ഷേമവും പാവപ്പെട്ടവരോടുള്ള കരുണയുമൊക്കെ വെറും വാചകമടി മാത്രമായി മാറുമ്പോള്‍ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം, നമ്മുടെ നാട്ടില്‍. പക്ഷേ, ഈ അനീതിയുടെ നേരേ നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. അതുകൊണ്ട് കൊല്ലം ജില്ലയിലെ പുനലൂരില്‍ അജയകുമാര്‍ എന്ന ഗൃഹനാഥന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും സഹകരണ ബാങ്ക് അധികൃതരമാണ് എന്ന സത്യം തുറന്നു പറയാതെ വയ്യ. വളരെ ഗൗരവമുള്ള സാഹചര്യമാണിത്. കാരണം, ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് ഇവരുടെ തെറ്റായ നയങ്ങള്‍ മൂലം ഇല്ലാതായിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ഹൃദ്രോഗബാധിതനായി വിദേശത്തു നിന്ന് തിരിച്ചെത്തിയ അജയകുമാറിന് ഉണ്ടായിരുന്ന വരുമാനം നിലച്ചതുകൊണ്ടാണ് പത്തനാപുരം കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയത്. 2016ല്‍ നാലു ലക്ഷം രൂപയെടുത്തത് പലിശയും പലിശയുടെ പലിശയും ചേര്‍ന്ന് വലുതാവുകയും ചെയ്തിരിക്കുന്നു. രോഗിയാണെന്നും വൈകാതെ തിരിച്ചടയ്ക്കാമെന്നും ജപ്തി നോട്ടീസ് പതിപ്പിച്ച ബാങ്ക് അധികൃതരോട് അജയകുമാര്‍ കാലുപിടിച്ചു പറഞ്ഞുനോക്കി. പക്ഷേ, ജപ്തി നടപടികളുമായിത്തന്നെ മുന്നോട്ടു പോകും എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. അതില്‍ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയത്. പുനലൂരിലെ സുഗതനെ കേരളം മറന്നിട്ടില്ല; സ്വന്തം അധ്വാനഫലം ഉപയോഗിച്ച് ഒരു വര്‍ക്ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ കേരളം ഭരിക്കുന്നവരുടെ അനുയായികള്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിച്ചതില്‍ മനസ്സുതകര്‍ന്നാണ് സുഗതന്‍ മാസങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഇതിലൊക്കെ എന്താണ് പങ്കെന്ന് അദ്ദേഹത്തിന്റെ അനുയായികളും ആരാധകവൃന്ദവും പിണറായിഭക്തി അലങ്കാരമാക്കി മാറ്റിയ സാംസ്‌കാരിക നായകരും ചോദിച്ചേക്കാം.

പ്രവാസികളെക്കുറിച്ചും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് വന്നവരേക്കുറിച്ചും മുഖ്യമന്ത്രി പ്രകടിപ്പിക്കാറുള്ള താല്‍പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ കേരളത്തില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ല എന്നാണ് അവരോട് പറയാനുള്ളത്. കേന്ദ്ര ബജറ്റില്‍ ആദായനികുതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മാറ്റങ്ങള്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് എന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. ലോക കേരള സഭ എന്ന പേരില്‍ കോടികള്‍ മുടക്കി പ്രവാസി ഇന്ത്യക്കാരുടെ വാര്‍ഷിക മാമാങ്കം നടത്തിയതും കേരളം കണ്ടതാണ്. ഇതിനൊക്കെ അപ്പുറമാണ് സാധാരണക്കാരായ പ്രവാസികളുടെയും പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന് തിരിച്ചെത്തിയവരുടെയും ദയനീയസ്ഥിതി. അവരുടെ പ്രതിനിധിയാണ് അജയകുമാര്‍. കണ്ണുണ്ടായാല്‍ പോരാ മുഖ്യമന്ത്രി ഈ ജീവിതങ്ങള്‍ കാണുക കൂടി വേണം. അജയകുമാറിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിക്കുകയും തുടര്‍ന്ന് ആ കുടുംബത്തിന ജീവിക്കാന്‍ ഭാര്യക്ക് ജോലി ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുകയും വേണം. ജപ്തി ഭീഷണിയില്‍ ആളുകളുടെ ജീവനെടുക്കുന്ന ബാങ്കുകളെ നിലയ്ക്കു നിര്‍ത്താനുളള ഇടപെടലും ഉടനടി ഉണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button