ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വാദം നാളെ ആരംഭിക്കും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ.
മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബെഞ്ചിന് വിടാന്‍ അഞ്ചംഗ ബെഞ്ചിന് കഴിയുമോ എന്ന ചോദ്യത്തിലാണ് നാളെ കോടതി വാദം കേള്‍ക്കുക എന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഹര്‍ജികളില്‍ വാദം ആരംഭിച്ചാല്‍ തുടര്‍ച്ചയായി പത്തുദിവസം വാദം കേള്‍ക്കുമെന്നാണ് സൂചന.
വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് വിഷയം വിശാല ബെഞ്ചിന് വിട്ടതില്‍ പ്രാഥമിക വാദം നടത്തണമെന്ന് ഫാലി എസ് നരിമാന്, കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ കഴിയില്ല എന്ന വാദമാണ് ഇവര്‍ മുന്നോട്ടുവെച്ചത്.
Post Your Comments