ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത അനവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. പക്ഷേ ഇതൊന്നും കാണാത്ത മട്ടില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് രുചിയല്ലെന്നു പറഞ്ഞ് അത് മുഴുവനും പുറത്തേയ്ക്ക് വലിച്ചെറിയുന്ന ഒരു വലിയ വിഭാഗമാണ് നമ്മുടെ സമൂഹത്തിലുള്ളത്. വലിയ വില കൊടുത്ത വാങ്ങിക്കുന്ന ഭക്ഷണം പോലും രുചി പോരായെന്നു പറഞ്ഞ് വലിച്ചെറിയുമ്പോഴാണ് ചേരികളിലുള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ദരിദ്ര ജനവിഭാഗം ഭക്ഷണമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരകിക്കുന്നത്.
ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ ചേരികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയാണ്. അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.
ഇവിടയെുള്ള ചേരികളില്‍ താമസിക്കുന്ന ആളുകള്‍ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തില്‍നിന്ന് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആഹാരമാകേണ്ട മാംസം പെറുക്കി പാകം ചെയ്ത് ഉപയോഗിക്കുകയാണ്.
‘പാഗ്പാഗ്’ എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്. പാഗ്പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ഇത് മാലിന്യം ശേഖരിക്കുന്നവര്‍ക്കും, ചെറിയ റെസ്റ്റോറന്റ് ഉടമകള്‍ക്കും ലാഭകരമായ ഒരു ബിസിനസ്സായി മാറിയിട്ടുണ്ട്.
ആളുകള്‍ ഉപേക്ഷിച്ച മാംസം കുറഞ്ഞ വിലയ്ക്ക് വാങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണിവര്‍. മുമ്പ് ലോഹവും, പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിച്ചിരുന്ന മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ ഇന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അവശേഷിക്കുന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷണം ശേഖരിക്കുകയാണ്. പൂച്ചകള്‍ക്കും, പാറ്റകള്‍ക്കും, എലികള്‍ക്കും ആഹാരമാകുന്ന അത് അവര്‍ ശേഖരിച്ചശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത്, ചെറിയ ലാഭത്തിന് വില്‍ക്കുന്നു.
ഇത്തരത്തില്‍ ഭക്ഷണം ശേഖരിക്കുന്ന ജോലി ചെയ്യുന്ന നിരവധി ആളുകളുമുണ്ട്. രാത്രി 12 മണിക്ക് തുടങ്ങുന്ന ജോലി വെളുക്കുംവരെ തുടരുന്നു. ‘ആഴ്ചയില്‍ 400 രൂപയാണ് പലര്‍ക്കും കൂലി. അവര്‍ രാവും പകലും ജോലിചെയ്യുന്നു, തെരുവുകളില്‍ കറങ്ങുന്നു, മാലിന്യങ്ങള്‍ ശേഖരിക്കുന്നു.
ഇങ്ങനെ ശേഖരിച്ച മാംസത്തുണ്ടുകള്‍ കടക്കാര്‍ക്ക് വില്‍ക്കുന്നു. കടക്കാര്‍ അത് പാകം ചെയ്യുന്നതിന് മുന്‍പ് എല്ലുകള്‍ മാറ്റി മാംസം മാത്രമാക്കുന്നു. അതിനുശേഷം അഴുക്കുകള്‍ കളയുന്നതിനായി നല്ല വെള്ളത്തില്‍ കഴുകി എടുക്കുന്നു.
പിന്നീട് ഇത് വിവിധ സോസുകള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് റെസ്റ്റോറന്റില്‍ വിളമ്പുന്നു. ഒരു പ്ലേറ്റിന് 19 രൂപയാണ് പഗ്പാഗിന്റെ വില. ഐസ് കച്ചവടക്കാരനാണ് നോനോയ് മൊറാല്ലോസ്. അദ്ദേഹം സ്ഥിരമായി ഇത് കഴിക്കുന്നയാളാണ്. ‘എനിക്ക് ഇത് വളരെ ഇഷ്ടമാണ്. വളരെ സ്വാദുള്ള ഒരാഹാരമാണ് ഇത്’ എന്നാണ് നോനോയ് പറയുന്നത്. ഇവിടെയുള്ള മിക്ക ചേരി നിവാസികളുടെയും ദൈനംദിന ഭക്ഷണമാണിത്.
കഴുകി എടുത്ത ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കുട്ടികളില്‍ പോഷകകുറവുണ്ടാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവ കുട്ടികളില്‍ ഉണ്ടാകുമെന്നും ദേശീയ ദാരിദ്ര്യ വിരുദ്ധ കമ്മീഷന്‍ (എന്‍എപിസി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, വിശപ്പിന്റെ ആന്തലില്‍ ഒന്നുമില്ലാത്തതിലും എത്രയോ ഭേദമാണ് ഇത് എന്നവര്‍ വിശ്വസിക്കുന്നു. പാഗ്പാഗ് കഴിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ലെന്ന് ഒരു പാഗ്പാഗ് വില്‍പ്പനക്കാരന്‍ അവകാശപ്പെടുന്നു.
Post Your Comments