തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍ അധ്യാപികയുമായ കെ.പി ശശികല ടീച്ചര്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അവർ തന്റെ ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്.
പോസ്റ്റ് ഇങ്ങനെ,
“ടീച്ചറേ എങ്ങോട്ടാ?”
എന്ന ചോദ്യത്തിന് “ഒരു ഷൊറണൂർ” എന്ന ഉത്തരത്തോടൊപ്പം പന്ത്രണ്ടു രൂപയും നീട്ടിയപ്പോൾ കുടവയറുമായൊരു കൊച്ചു തടിയൻ കണ്ടക്റ്റർ പണം വാങ്ങാൻ കൈ നീട്ടാതെ ചിരിക്കുന്നു. ആ ചിരി എവിടേയൊ കണ്ടു മറന്ന ചിരി . ഓർമ്മയിലേക്ക് ഊളിയിട്ടു. മറവിയുടെ മാറാല നീക്കിയപ്പോൾ ചിരി തെളിഞ്ഞു വന്നു .നസീർ ! കുറഞ്ഞത് ഒരു പതിനേഴു വർഷം മുൻപത്തെ 10 G ക്ലാസ്സിലാണ് ആ ചിരിയുടെ ഉറവിടം. മെയ് ആദ്യത്തിൽ തന്നെ 10-ാം ക്ലാസ്സ് ഡിവിഷൻ തിരിച്ച് അന്ന് മൂന്നു ക്ലാസ്സുകൾക്ക് വെക്കേഷൻ ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. 10 E : 10 G, 10 k ആ മൂന്നു ക്ലാസ്സുകൾ പാസ്സാകുന്നവരുടേതല്ല പാസ്സാക്കേണ്ടവരുടേതായിരുന്നു.
അത്യദ്ധ്വാനം ചെയ്താൽ മാത്രം പാസ്സാകുന്നവർ ഞങ്ങൾ ആ ക്ലാസ്സുകൾക്ക് ഒരു ഓമനപ്പേരുമിട്ടിരുന്നു മോഡൽ ക്ലാസ്സ് എന്ന് ! അതിൽ 10 G യുടെ ക്ലാസ്സ് ചാർജ്ജ് എനിക്കായിരുന്നു. വെക്കേഷൻ ക്ലാസ്സിന് വിളിച്ചും വിളിപ്പിച്ചും എല്ലാവരേയും എത്തിക്കാൻ ശ്രമം പക്ഷേ രണ്ടു പേർ മാത്രം വരുന്നില്ല. അവർ പിടുത്തം തരുന്നുമില്ല. കുട്ടികളോടന്വേഷിക്കുമ്പോൾ അവർ അന്വോന്യം നോക്കും എന്തോ ഒളിപ്പിക്കാനുള്ള ശ്രമം വ്യക്തമായിരുന്നു. അവസാനം അധ്യാപകരിൽ ചിലർ എന്നെ സമീപിച്ചു. ടീച്ചറുടെ ക്ലാസ്സിൽ നിന്ന് ഒരു രണ്ടുപേരെ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റാം എന്നു പറഞ്ഞു.
അരാണാ രണ്ടു പേർ അന്നു വരെ വെക്കേഷൻ ക്ലാസ്സിന് ആട്ടിപിടിച്ചിട്ടും കിട്ടാത്തവർ സുബൈറും നസീറും ! എന്തിനാ അവരെ മാറ്റുന്നത് എന്നതിന്റെ ഉത്തരം ഒട്ടും അംഗീകരിക്കാൻ എന്നിലെ ടീച്ചർക്കാവുമായിരുന്നില്ല. “അവർക്ക് ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാൻ ഇഷ്ടമില്ല” എന്ന് മടിച്ചു മടിച്ച് മധ്യസ്ഥം നില്ക്കാൻ വന്ന അധ്യാപകർ പറഞ്ഞു. അതിന് ഞാൻ തയ്യാറായില്ല. എങ്കിൽ പത്താം ക്ലാസ്സിലെ 800 ഓളം വരുന്ന കുട്ടികളെ ഗ്രൗണ്ടിൽ നിർത്താം നമ്മൾ 17 ക്ലാസ്സ് ടീച്ചേഴ്സും നില്ക്കാം ഓരോ കുട്ടിയും അവർക്ക് വേണ്ട ടീച്ചറെ രിരഞ്ഞെടുത്തോട്ടെ എന്ന സ്റ്റാന്റിൽ ഞാനും നിന്നു.
അവസാനം എന്റെ പിടിവാശിക്കു മുന്നിൽ മധ്യസ്ഥന്മാർ മുട്ടുമടക്കി . ജൂൺ ഒന്നാം തീയ്യതി വളരെ വൈകി മനമില്ലാ മനസ്സോടെ മറ്റൊരു നിവർത്തിയും ഇല്ലാത്തതു കൊണ്ട് അവർ എന്റെ ക്ലാസ്സിൽ എത്തി. പോകാനുള്ള ഭാവവുമായി ഇരിക്കാതെ ഇരുന്നു. ക്ലാസ്സു മാറാനുള്ള അവരുടെ കരുനീക്കങ്ങൾ നടക്കുന്നുമുണ്ടായിരുന്നു. ആ രണ്ടു പേരും വിദ്യാർത്ഥി നേതാക്കളായിരുന്നു. അവരുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെട്ടു പോകാത്തതായിരുന്നു അലർജിക്ക് കാരണം. പക്ഷെ അവരുടെ കരുനീക്കങ്ങളൊന്നും വിജയിച്ചില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ ക്ലാസ്സിൽ ചന്തി ഉറപ്പിച്ച് ഇരിക്കാനും എന്റെ മുഖത്തു നോക്കി വേണമെങ്കിൽ ചിരിക്കാനുമൊക്കെ അവർ തയ്യാറായി, ജൂൺ അവസാനം കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ഒരു പത്താ ക്ലാസ്സു കൂടെ വേണം എന്ന അവസ്ഥയിൽ വീണ്ടും ക്ലാസ്സു തിരിക്കാൻ ആരംഭിച്ചു.അപ്പോൾ ഞാൻ ഇവരെയടക്കം ഒരു എട്ടു കട്ടികളെ എ ന്റെ ക്ലാസ്സിൽ നിന്നും പുതിയ ക്ലാസ്സിലേക്ക് മാറ്റാൻ തയ്യാറായി. അതു പരസ്യപ്പെടുത്തിയിരുന്നില്ല. പക്ഷേ ഇവരെങ്ങനേയോ അത് മണത്തറിഞ്ഞു എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ പെരുമാറ്റം. ഞങ്ങൾ ടീച്ചറുടെ ക്ലാസ്സിൽ നിന്നും പോകില്ല.
അവർ വീണ്ടും എല്ലാവരുടെ പുറകേയും നടക്കാൻ തുടങ്ങി. പരസ്യപ്പെടുത്താത്ത തീരുമാനമായതുകൊണ്ട് അവരുടെ വാശി വിജയിച്ചോട്ടെ എന്ന് വെച്ചു. അവർ എന്റെ ക്ലാസ്സിൽ തുടർന്നു. അതിൽ സുബൈർ സ്ക്കൂൾ പ്യൂപ്പിൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. കൗമാര പ്രേമമടക്കം എന്തും ഏതും എന്നോട് തുറന്നു പറയുന്ന എന്റെ പ്രിയ ശിഷ്യരായി അവർ മാറി. രണ്ടു പേരും ഒരു വിധത്തിൽ പാസ്സായി. അവർ + 2 വിൽ പഠിക്കുമ്പോൾ നസീറിന്റെ ബാപ്പ എന്നെക്കാണാൻ വന്നു. “ടീച്ചറേ ങ്ങളവനേ ഒന്ന് ഉപദേശിക്കണം ങ്ങള് പറഞ്ഞാൽ ഓൻ കേക്കും” എന്നായിരുന്നു ആവശ്യം
പലപ്പോഴും തമ്മിൽ കാണുമ്പോൾ അവരുടെ വിനയം സ്നേഹം ഇവ നമ്മളെ വല്ലാതാകർഷിക്കുമായിരുന്നു. ഗൾഫിലൊക്കെ പോയി തടിച്ചു കൊഴുത്ത് വീണ്ടും പഴയ കണ്ടക്റ്റർ ബാഗുമെടുത്ത് ആ ചിരി ഇത്രയും കാര്യങ്ങൾ ഓർമ്മിപ്പിച്ചു. എന്റെ ക്ലാസ്സിൽ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു. അവരന്റെ ഏറ്റവും നല്ല ശിഷ്യരായി മാറിയത് അതുകൊണ്ടു തന്നെ എനിക്ക് മറക്കാൻ പറ്റുമോ?
Post Your Comments