ലണ്ടൻ: നാൽപ്പത്തിയേഴുവർഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) വിടപറയൽ. മൂന്നരവർഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങൾക്ക് ഇതോടെ അവസാനമായി. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുണ്ടാകുക.
ഡിസംബർ 31-നാണ് ബ്രിട്ടൻ പൂർണ അർഥത്തിൽ യൂണിയനിൽനിന്ന് പുറത്തെത്തുക. വിടുതൽ നടപടികൾ പൂർത്തിയാക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും 11 മാസത്തെ സമയം (ട്രാൻസിഷൻ പിരീഡ്) കൂടിയുണ്ട്. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങൾ ബ്രിട്ടനും ബാധകമായിരിക്കും. ഇക്കാലയളവിനുള്ളിൽ യൂണിയനുമായി സ്ഥിര സ്വതന്ത്രവ്യാപാരക്കരാർ ഒപ്പുവെക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നുമുതൽ ഇതുസംബന്ധിച്ച ചർച്ചയാരംഭിക്കുമെന്നും ഇരുവിഭാഗങ്ങളും വ്യക്തമാക്കി.
2016-ലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ജനഹിതപരിശോധനയിലൂടെ ബ്രിട്ടൻ തീരുമാനിച്ചത്. 2019 മാർച്ച് 29-ന് ബ്രെക്സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറിൽ ധാരണയാകാത്തതോടെ വിടുതൽ നീളുകയായിരുന്നു.
Post Your Comments