USALatest NewsNewsInternational

കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍

ന്യൂയോര്‍ക്ക്•കൊറോണ വൈറസ് ദൈവത്തിന്‍റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ് അവകാശപ്പെട്ടു. മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും, ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ ആധാരമെന്നും അത് ദൈവിക ന്യായവിധിയായി താന്‍ കാണുന്നുവെന്നും പാസ്റ്റര്‍ വൈല്‍സ് കുറ്റപ്പെടുത്തി.

ഫ്ലോറിഡയിലെ ‘നോണ്‍ ഡിനോമിനേഷന്‍ ഫ്ലോയിംഗ് സ്ട്രീംസ്’ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും ‘ട്രൂ ന്യൂസ് സ്ട്രീമിംഗ്’ ചാനലിന്‍റെ സ്രഷ്ടാവുമാണ് വൈല്‍സ്. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെ ‘നരകത്തില്‍ നിന്നുള്ള രാക്ഷസന്‍’ എന്ന് അദ്ദേഹം മുമ്പ് ആക്ഷേപിക്കുകയും, പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കിയാല്‍ ‘അക്രമമുണ്ടാകുമെന്ന്’ ഒക്ടോബറില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മാരകമായ കൊറോണ വൈറസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ അഭിപ്രായങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റൈറ്റി വിംഗ് വാച്ചാണ്.

ക്രിസ്ത്യന്‍ പാസ്റ്റര്‍ ചൈനയെ ‘ദൈവഭക്തിയില്ലാത്ത കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ്’ എന്ന് വിശേഷിപ്പിച്ച പാസ്റ്റര്‍ വൈല്‍സ് ‘വൈറസ് പോലുള്ള ബാധകള്‍ ന്യായവിധിയുടെ അവസാന ഘട്ടങ്ങളിലൊന്നാണ്’ എന്ന് അവകാശപ്പെടുകയും ചെയ്തു. പക്ഷേ, അമേരിക്കക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പും അദ്ദേഹത്തിനുണ്ടായിരുന്നു.

‘ഈ രാജ്യത്തുള്ള ആത്മീയ കലാപം, ദൈവത്തോള്ള വിദ്വേഷം, ബൈബിളിനോടുള്ള വെറുപ്പ്, നീതി വിദ്വേഷം എന്നിവ നോക്കൂ’ അദ്ദേഹം പറയുന്നു. ‘വെറും നീചമായ ഈ രാജ്യത്ത് ഇപ്പോള്‍ ആളുകള്‍ പരസ്പരം വെറുക്കുന്നു, കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുന്നു, അവരെ ദുര്‍മാര്‍ഗികളാക്കുന്നു, അവരില്‍ പ്രകൃതിവിരുദ്ധ ലൈംഗികത വളര്‍ത്തുന്നു, ബലാത്സംഗങ്ങളും ലൈംഗിക അധാര്‍മ്മികതയും ചാനലുകളേയും സിനിമകളേയും മലിനമാക്കുന്നു,’ പാസ്റ്റര്‍ വൈല്‍സ് പറയുന്നു.

സുഹൃത്തുക്കളേ, ‘ഡെത്ത് ഏഞ്ചല്‍’ ഇപ്പോള്‍ ഗ്രഹങ്ങളിലുടനീളം സഞ്ചരിക്കുന്നുണ്ടാകാം. അതുകൊണ്ട് ദൈവവുമായി കൂടുതല്‍ അടുക്കാനും ശരിയായ ബന്ധം സ്ഥാപിക്കാനുമുള്ള സമയമാണിത്,’ വൈല്‍സ് തുടര്‍ന്നു.

കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയില്‍ നിരവധി നഗരങ്ങള്‍ ഭാഗികമായി അടയ്ക്കുകയോ പൂര്‍ണ്ണമായി അടയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് ഈ വൈറസ് പടരുകയും ചെയ്തിട്ടുണ്ട്.

ചൈനയില്‍ മരണസംഖ്യ 106 ആയി ഉയര്‍ന്നു. ഇതുവരെ 4,500 ല്‍ അധികം വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാന്‍ ഇപ്പോഴും യുഎസ്, യുണെറ്റഡ് കിംഗ്ഡം, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.

അടുത്തിടെ വുഹാനില്‍ നിന്ന് അമേരിക്കയില്‍ മടങ്ങിയെത്തിയ അഞ്ച് പേര്‍ക്ക് വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, അണുബാധ രാജ്യത്ത് വ്യാപിച്ചതായി ഇതുവരെ അറിവായിട്ടില്ല.

ഈ സമയത്ത്, അമേരിക്കക്കാര്‍ സ്വന്തം സുരക്ഷയ്ക്കായി ഇപ്പോള്‍ വിഷമിക്കേണ്ടതില്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍‌വീസസ് സെക്രട്ടറി അലക്സ് അസര്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) രാജ്യത്തൊട്ടാകെയുള്ള 20 വിമാനത്താവളങ്ങളിലേക്ക് വൈറസ് സ്ക്രീനിംഗ് വിപുലീകരിച്ചു. സാന്‍ ഫ്രാന്‍സിസ്കോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലോസ് ഏഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ചിക്കാഗോ ഓ ഹെയര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹാര്‍ട്ട്സ്ഫീല്‍ഡ് ജാക്‌സന്‍ അറ്റ്‌ലാന്റ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button