സെപാഹിജാല•കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ത്രിപുരയിൽ നിന്നുള്ള 23 കാരൻ മലേഷ്യൻ ആശുപത്രിയിൽ മരിച്ചെന്ന അവകാശവാദവുമായി യുവാവിന്റെ കുടുംബം.
2018 ൽ മലേഷ്യയിലെത്തിയ, മധുപൂർ പോലീസ് സ്റ്റേഷൻ ഏരിയയിലെ പുരാത്തൽ രാജ്‌നഗർ ഗ്രാമത്തിൽ നിന്നുള്ള മണീർ ഹുസൈൻ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച രാവിലെ മലേഷ്യൻ അധികൃതരിൽ നിന്ന് ചെറുമകന്റെ മരണവാർത്ത തനിക്ക് ലഭിച്ചതായി മനീർ ഹുസൈന്റെ മുത്തച്ഛൻ അബ്ദുൾ റഹിം പറഞ്ഞു.
‘എന്റെ 23 കാരനായ ചെറുമകൻ രണ്ട് വർഷം മുമ്പ് മലേഷ്യയിലേക്ക് പോയിരുന്നു. കൊറോണ വൈറസ് മൂലം ഹുസൈന്‍ മരിച്ചതായി അറിയിച്ചുകൊണ്ടു ബുധനാഴ്ച രാവിലെ മലേഷ്യൻ അധികൃതരിൽ നിന്ന് ഞങ്ങൾക്ക് ഒരു ഫോൺ കോൾ ലഭിച്ചു,’- റഹിം പറഞ്ഞു.
ഹുസൈന്റെ മൃതദേഹം നേരത്തേ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് റഹിം സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, മലേഷ്യയിൽ കൊറോണ വൈറസ് ബാധ മൂലം യുവാവ് മരിച്ചത് സംബന്ധിച്ച് സർക്കാരിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ത്രിപുര ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡയറക്ടർ രാധ ദെബർമ പറഞ്ഞു.
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആ രാജ്യത്ത് മാത്രം 170 പേരുടെ ജീവൻ അപഹരിച്ചു. അതേസമയം സ്ഥിരീകരിച്ച കേസുകൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ചൈനയില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിനി ചികിത്സയില്‍ കഴിയുന്നത്.
Post Your Comments