റിയാദ്: സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസനടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എളുപ്പമാക്കി. വിനോദ സഞ്ചാരത്തിനും ചികിത്സക്കും ബിസിനസ് ആവശ്യത്തിനും പോകുന്നതിനുള്ള വിസകളിന്മേലുള്ള നടപടികളാണ് ലഘൂകരിച്ചത്.
ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് -വിസ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയത്. കഴിഞ്ഞവര്‍ഷം െഫബ്രുവരിയില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെന്റ ഇന്ത്യ സന്ദര്‍ശന വേളയിലുണ്ടായ തീരുമാനപ്രകാരമാണ് ഒാണ്‍ലൈന്‍ വിസ (ഇ-വിസ) സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തിയത്. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജും പകുതിയായി കുറച്ചിട്ടുണ്ട്. വിസകളുടെ കാലദൈര്‍ഘ്യവും വര്‍ധിപ്പിച്ചു.
മള്‍ട്ടി എന്‍ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്ക് 25 ഡോളറാണ് പുതുക്കിയ നിരക്ക്. അതേസമയം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പ്രത്യേക കാലയളവിലാണെങ്കില് 10 ഡോളര്‍ മാത്രം നല്കിയാല് മതി. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുടെ ഫീസ് 80 ഡോളറില്‍നിന്ന് 40 ഡോളറായും കുറച്ചു. ഇതോടെ ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ പോകാന്‍ ഓണ്‍ലൈന്‍ വഴി വിസക്ക് അപേക്ഷിക്കാനും നേടാനും സൗദി പൗരന്മാര്ക്ക് അവസരം തുറന്നുകിട്ടി. ഇത് കൂടുതല്‍ എളുപ്പമാക്കാനും കൂടുതല്‍ സൗഹൃദപരമാക്കാനുമാണ് വിസ ഫീസ് കുറച്ചും ഇന്ത്യയില്‍ തങ്ങാനുള്ള കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചും പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.
ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്ബ് അപേക്ഷ നല്കിയാലും ഇനി വിസ ലഭിക്കും. 80 ഡോളര്‍ നല്കിയാല് അഞ്ചുവര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും. ഒാണ്‍ലൈന്‍ വിസക്കുപുറമെ എംബസി വഴിയുള്ള കടലാസ് വിസകള്‍ അനുവദിക്കുന്നത് തുടരും. ഇത് അനുവദിക്കുന്നതിനുള്ള കാലതാമസം പരമാവധി രണ്ട് പ്രവൃത്തി ദിനങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 19,116 ഒാണ്‍ലൈന്‍ വിസകളും 18,598 കടലാസ് വിസകളുമാണ് സൗദി പൗരന്മാര്ക്ക് ഇന്ത്യ അനുവദിച്ചത്.
Post Your Comments