ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിലും, ദർഗ കേസുകളിലും പത്ത് ദിവസനത്തിനകം വാദം തീർക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. അടുത്ത പത്ത് ദിവസത്തിനകം കേസിലെ വാദങ്ങൾ തീർക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ആവശ്യം.
പരിഗണന വിഷയങ്ങളിൽ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിൻറെ പരാമർശം. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങൾ തയ്യാറാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുൻപ് അഭിഭാഷകർ യോഗം ചേർന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 17 ന് അഭിഭാഷകരുടെ യോഗം നടന്നു. ഈ യോഗത്തിലാണ് 23 ദിവസത്തെ വാദം വേണമെന്ന ആവശ്യം അഭിഭാഷകർ മുന്നോട്ടുവെച്ചത്. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
Post Your Comments