
കോട്ടയം: മണൽ മാഫിയ വിവരാവകാശ പ്രവർത്തകൻ മഹേഷിനെ മർദ്ദിച്ചത് ഭീഷണിപ്പെടുത്തിയ ശേഷമാണെന്ന് തെളിവുകൾ പുറത്തു വന്നു. മഹേഷിനെ ആളെ വിട്ട് തല്ലിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണമാണ് പുറത്തുവന്നത്. വീടിനു പുറത്ത് ഇറങ്ങിയാൽ ആളെ വിട്ട് തല്ലിക്കുമെന്നാണ് ഭീഷണി.
വെള്ളൂപറമ്പ് സ്വദേശി നെടുമ്പാറയിൽ ബൈജു എന്ന് വിളിക്കുന്ന സുരേഷ് ആണ് ആക്രമണത്തിനു മുമ്പ് മഹേഷ് വിജയനെ ഭീഷണിപ്പെടുത്തിയത്. ഭീഷണി ആദ്യഘട്ടത്തിൽ കാര്യമായി എടുത്തില്ല എന്ന് മഹേഷ് വ്യക്തമാക്കുന്നു. പിന്നീട് ആക്രമണമുണ്ടായ ശേഷം ഓഡിയോ ക്ലിപ്പുകൾ പൊലീസിന് കൈമാറിയിരുന്നു.
അതേസമയം, ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. ഇയാൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും മഹേഷ് പറയുന്നു. എന്നാൽ, ഭീഷണി സംബന്ധിച്ച് പ്രത്യേക പരാതി ഉണ്ടായിരുന്നില്ലെന്ന് കോട്ടയം വെസ്റ്റ് പോലീസ് വ്യക്തമാക്കി. മഹേഷിൻറെ ആക്ഷേപങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും കോട്ടയം വെസ്റ്റ് പൊലീസ് പറഞ്ഞു.
Post Your Comments