മാരാരിക്കുളം: കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറി കെട്ടിടം പൊളിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണൽ കടത്തുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലോറികളും മണ്ണുമാന്തികളും തടഞ്ഞു. ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ലേലം പിടിച്ചവരുടെ നേതൃത്വത്തിൽ ടോറസ് ലോറികളിലായി വൻതോതിൽ മണൽ കടത്തുന്നതാ പരാതി ലഭിച്ചിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തഹസിൽദാർ നിര്‍ദ്ദേശം നൽകി.
മണൽ കടത്ത് തടഞ്ഞതിനെ തുടർന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഉന്നത റവന്യൂ സംഘം പരിശോധന നടത്തി. എ.ഡി.എം സന്തോഷ് കുമാർ, തഹസിൽദാർ വി.സി ജയ എന്നിവർ ഉൾപ്പെട്ട സംഘം ജനപ്രതിനിധികളുമായും ചർച്ച നടത്തി. ഭൂനിരപ്പിൽ നിന്ന് വളരെ ആഴത്തിൽ മണൽ കുഴിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു. തുടർന്ന് വില്ലേജ് ഓഫീസറോട് അടിയന്തര റിപ്പോർട്ട് നൽകാനും കലക്ടറുടെ സാന്നിധ്യത്തിൽ കരാറുകാരനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേരുവാനും തീരുമാനിച്ചു.
Post Your Comments