ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം പൂരത്തിന്റെ മത്സരതിയ്യതികള്‍ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. മാര്‍ച്ച് 29നാവും ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുക. ഫൈനല്‍ മത്സരം മെയ് 24ന് മുംബൈയില്‍ വെച്ച് നടക്കും. അതെ സമയം ഈ സീസണില്‍ മത്സരം തുടങ്ങുന്ന സമയം 8.00 മണിയില്‍ നിന്ന് 7.30 ആക്കാനുള്ള നിര്‍ദേശം ബി.സി.സി.ഐ തള്ളി. ഈ വര്‍ഷവും രാത്രി 8 മണിക്ക് തന്നെയായിരിക്കും മത്സരം തുടങ്ങുക.
നേരത്തെ മത്സരങ്ങള്‍ അര മണിക്കൂര്‍ മുന്നേയാക്കണമെന്ന് മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണിലും സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യോഗത്തിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങള്‍ ഈ വര്‍ഷം വെറും 5 എണ്ണമാക്കിയും കുറച്ചിട്ടുണ്ട്. ഇത് പ്രകാരം ആദ്യ മത്സരം 4 മണിക്കും രണ്ടാം മത്സരം 8 മണിക്കും നടക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുന്‍പേ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ചാരിറ്റി മത്സരം നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ഓള്‍ സ്റ്റാര്‍ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കണ്‍കഷന്‍ സബ്സ്റ്റിട്യൂട് കൊണ്ട് വരാനും തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിട്യൂട് ഐ.സി.സി നേരത്തെ നടപ്പാക്കിയിരുന്നു. നേരത്തെ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ തേര്‍ഡ് അമ്പയറാവും നോക്കുകയെന്ന് തീരുമാനിച്ചിരുന്നു.
Post Your Comments