കൊച്ചി: കോതമംഗലം പള്ളിതര്‍ക്കത്തില്‍ പിണറായി സര്‍ക്കാരും യാക്കോബായ സഭയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ കളക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ആരൊക്കെയെന്ന് വ്യക്തത വരാതെ പള്ളിയിലുള്ള വിശ്വാസികളെ നീക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വാദം. കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതിയുള്ള വികാരി ആരെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും സര്‍ക്കാര്‍ പറയുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കിയ ശേഷം പരിഗണിക്കും. ഓര്‍ത്തഡോക്‌സ് വികാരി തോമസ് പോള്‍ റമ്പാനാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. വിധി നടത്തിപ്പിന് ധൃതി പിടിക്കേണ്ടതില്ലെന്ന് ഹര്‍ജി പരിഗണിക്കവേ ഓര്‍ത്തഡോക്‌സ് വിഭാഗത്തോട് കോടതി പറഞ്ഞു.
ALSO READ: കുട്ടികൾക്കെതിരെയുള്ള ഒാൺലൈൻ ലൈംഗിക അതിക്രമങ്ങൾ; അന്വേഷണത്തിന് പുതിയ പദ്ധതിയുമായി പൊലീസ്
സുപ്രിം കോടതി ഉത്തരവ് നടപ്പാക്കും. കോടതി ആരുടെയും പക്ഷം പിടിക്കാനില്ല. നടപ്പിലാക്കേണ്ട ഉത്തരവുകള്‍ വേറെയുമുണ്ട്. പള്ളിക്കേസിലേത് മാത്രമല്ലെന്നും കഴിഞ്ഞ ദിവസം കോടതി പറഞ്ഞു. ഉത്തരവ് വേഗത്തില്‍ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു കോടതി പരാമര്‍ശം. അതേസമയം, കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
Post Your Comments