അങ്കാറ (തുർക്കി): കിഴക്കൻ തുർക്കിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണ സംഖ്യ 22 ആയി. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. ആയിരത്തോളം പേർക്കു പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയെ വിറപ്പിച്ചത്. കിഴക്കൻ പ്രവിശ്യയായ എലാസിഗിലെ സിവ്രിസ് നഗരമാണ് പ്രഭവകേന്ദ്രം.
വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു വീണത് തുർക്കിയിലെ എലസഗ് പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായതായി തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ നിന്നു 39 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. ഭൂകമ്പം നടന്ന് 12 മണിക്കൂറിനു ശേഷം കണ്ടെത്തിയ ഗർഭിണിയും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇരുപതിനായിരത്തോളം രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും തുർക്കി മന്ത്രാലയം അറിയിച്ചു.
Post Your Comments