മഞ്ചേശ്വരം : സഹപ്രവർത്തകയായ രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടെന്നു സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ തുടർന്നു രൂപശ്രീ ഫോണിൽ വിളിച്ചു. എന്നാൽ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി.
18നു രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്. അതിനു രണ്ടു ദിവസം മുൻപു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവർത്തകൻ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി. ദുർഗിപള്ളത്ത് സ്കൂട്ടർ നിർത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയിൽ ഒളിച്ചിരുന്ന നിരഞ്ജൻ കുമാറും ചേർന്നു തടഞ്ഞു.
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാൻ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാൽ നടന്നില്ല.
കുളിമുറിയിലെ ബക്കറ്റിൽ രാസവസ്തു ചേർത്ത ശേഷം തലഅതിൽ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തിൽ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റിൽ തല മുക്കിയപ്പോൾ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയിൽ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു കൊല്ലപ്പെട്ട രൂപശ്രീയുടെയും ഭർത്താവ് ചന്ദ്രശേഖരന്റെയും ഇരുപതാം വിവാഹവാർഷികം.
Post Your Comments