Latest NewsNewsIndia

ബിജെപിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങി ; പാര്‍ട്ടിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്രബോസ്.

ദില്ലി: ബിജെപിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് നേതാജി സുബാഷ് ചന്ദ്രബോസിന്റെ ബന്ധുവും പശ്ചിമ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റുമായ ചന്ദ്രബോസ്. പാര്‍ട്ടിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടുതുടങ്ങിയെന്ന ആകുലതയാണ് തന്നെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലൂടെ മതേതരത്വവും ഒരുമയുമാണ് താന്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 2016 ജനുവരിയില്‍ ബിജെപിയില്‍ അംഗത്വമെടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അന്നത്തെ ദേശീയ അധ്യക്ഷനായ അമിത് ഷായോടും താന്‍ ഇത് പറഞ്ഞിരുന്നു എന്നും അവര്‍ ഇരുവരും അത് അംഗീകരിക്കുകയും ചെയ്തിരുന്നെന്നും ചന്ദ്രബോസ് പറഞ്ഞു. പക്ഷേ ഇപ്പോള്‍ നേതാജിയുടെ തത്ത്വങ്ങള്‍ പിന്തുടരാന്‍ കഴിയാത്തതായി തനിക്ക് തോന്നുന്നു എന്നും ഇത് ഇങ്ങനെ തുടര്‍ന്നാല്‍ ഈ പാര്‍ട്ടിയില്‍ തുടരണോ എന്ന് ഒന്നുകൂടി ആലോചിക്കും. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാതെ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയും അമിത്ഷായും മതപരമായല്ല സിഎഎ എടുത്തിരിക്കുന്നത്. എന്നാല്‍ മറ്റ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹും കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ചിരുന്നെങ്കിലും നിയമത്തില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന നിലപാടാണ് ചന്ദ്രബോസ് കൈക്കൊണ്ടിരുന്നത്. ഏതൊരാള്‍ക്കും മതം നോക്കാതെയാകണം പൗരത്വം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിഎഎയില്‍ നിന്ന് മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയതിനെതിരെ ചന്ദ്രബോസ് നേരത്തെയും രംഗത്തെത്തിയിരുന്നു. സിഎഎ ഒരു മതത്തെയും ബന്ധപ്പെടുത്തിയുള്ളതല്ല എങ്കില്‍ എന്തിനാണ് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യ, പാഴ്‌സി ജൈന മതങ്ങളെ മാത്രം പ്രതിപാദിച്ചിരിക്കുന്നതെന്ന് അദ്ദേഹം അന്ന് ട്വീറ്റ് ചെയ്തിരുന്നു.

2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദു, ജൈന, ക്രിസ്യ, സിഖ്, പാഴ്‌സി, ബുദ്ധ മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം സിഎഎ ഉറപ്പുനല്‍കുന്നുണ്ട്. ഇതില്‍ നിന്നും ഒരു വിഭാഗത്തെ മാത്രം എന്തിന് മാറ്റി നിര്‍ത്തുന്നു എന്നും അദ്ദേഹം ചോദിച്ചു. സിഎഎയുമായി ബന്ധപ്പെട്ട പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഏതൊരു വ്യക്തിക്കും മതം നോക്കാതെ പൗരത്വം നല്‍കുമെന്നും മുസ്ലീംകളെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം ഉറപ്പ് നല്‍കണം എന്നും ചന്ദ്രബോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button