ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ടോം ബാന്റണിനോട് പിന്‍മാറണമെന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് ബാന്റണ്‍. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
ഐപിഎല്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നാണ് വോണ്‍ പറയുന്നത്. താരം ഐപിഎല്ലില്‍ കളിക്കുന്നതു തടയാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ നിലവില്‍ ആറാം നമ്പര്‍ പൊസിഷന്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ റോളിന് ഏറ്റവും അനുയോജ്യനായ താരം ബാന്റണാണെന്നും അതുകൊണ്ട്തന്നെ ഐപിഎല്ലില്‍ കളിക്കാതെ കൗണ്ടിയില്‍ സോമര്‍സെറ്റിനായി കളിക്കണമെന്നും വോണ്‍ പറഞ്ഞു.
ബാന്റണ്‍ ഭാവി സൂപ്പര്‍താരമാണെന്നും കരിയറിലെ ഈ സമയത്ത് താരം കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ശ്രമിക്കേണ്ടതെന്നും വോണ്‍ പറഞ്ഞു. ഐപിഎല്ലില്‍ അയാളുടെ ചുമതല എന്തായിരിക്കുമെന്ന് തനിക്കറിയില്ലെന്നും ടെസ്റ്റിലെ ആറാം നമ്പര്‍ പൊസിഷന്‍ ബാന്റണിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐപിഎല്ലിനായി ഇന്ത്യയിലേക്കു തിരിക്കും മുമ്പ് ബാന്റണിനു ഏറെ സമയമുണ്ട്. അതിനു മുമ്പ് ചതുര്‍ദിന മല്‍സരങ്ങളില്‍ കളിക്കുകയും കുറച്ചു സെഞ്ച്വറികള്‍ നേടുകയും വേണം. ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ ഒഴിവു വന്ന ഈ അവസരം താരം മുതലെടുക്കണമെന്നും വോണ്‍ ആവശ്യപ്പെട്ടു.
ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമിലാണ് ഇപ്പോള്‍ ബാന്റണ്‍. ഈ അടുത്തിടെ 16 പന്തില്‍ അര്‍ധസെഞ്ചുറി അടിച്ച് ബാന്റണ്‍ തിളങ്ങിയിരുന്നു. ഒരോവറില്‍ അഞ്ച് സിക്‌സറും ഇതിനിടെ താരം പറത്തുകയും ചെയ്തിരുന്നു.
Post Your Comments