നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റമുണ്ടാക്കാനാകൂവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചർ പറഞ്ഞു. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലായിരുന്നു എന്നാണ് ചരിത്രത്തിൽ പറയുന്നത്. എന്നാൽ കാലക്രമേണ പുരുഷൻമാരുടെ കൈയിൽ സമ്പത്ത് വന്നുചേർന്നതോടെ ഇതിന് മാറ്റമുണ്ടായി. അതോടെ സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തേണ്ട അവസ്ഥയിലേക്ക് വന്നു. കാലക്രമേണ ഭൂഉടമകളും രൂപപ്പെട്ടു. വിദ്യ അഭ്യസിക്കാൻ പോലും സ്ത്രീകളെ അനുവദിച്ചില്ല. സ്ത്രീകൾ വളരെയധികം ചൂഷണമാണ് അനുഭവിച്ചത്. ഗണികയെ കണ്ടാൽ നല്ലതും വിധവയെ കണ്ടാൽ മോശമെന്ന അവസ്ഥപോലുമുണ്ടായി. അതിൽ നിന്നാണ് സമൂഹം ഉയർന്ന് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ‘വിമോചനത്തിന്റെ പാട്ടുകാർ’ എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശന ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടിമാളുഅമ്മ, ആനീമസ്‌ക്രീൻ, അക്കാമ്മ ചെറിയാൻ, ഗൗരിയമ്മ തുടങ്ങി നിരവധി വനിതകൾ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പുരോഗമനവാദികളായ ധാരാളം സ്ത്രീകൾ ഒരുമിച്ച് നിന്ന് വിവേചനത്തിനെതിരെ പോരാടിയതിന്റെ ഫലമാണ് നമ്മളിന്ന് അനുഭവിക്കുന്നത്. പുതിയ കാലഘട്ടത്തിലും അതിന്റേതായ പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. സ്ത്രീ ഒരു വസ്തുവാണെന്ന പുതിയ കാഴ്ചപ്പാട് വന്നു. ഈ സമൂഹത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ് സ്ത്രീകൾ. അതിനാലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വീട്ടിൽ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഉള്ളത്. സമൂഹത്തെ വിദ്യാഭ്യാസം ചെയ്യിപ്പിച്ച് സമഭാവന വളർത്തിയെടുക്കണം. സധൈര്യം മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനൊരു പ്രചോദനമാണ് വിമോചനത്തിന്റെ പാട്ടുകാർ എന്ന ഡോക്യുഫിക്ഷൻ. നമ്മുടെ ധീര വനിതകളുടെ ഓർമ്മപ്പെടുത്തലുകളാണ് ഈ ഡോക്യുഫിക്ഷൻ എന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ, വനിത വികസന കോർപ്പറേഷൻ എം.ഡി. വി.സി. ബിന്ദു, സംവിധായിക വിധു വിൻസെന്റ്, പിന്നണി ഗായിക സയനോര തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് രാത്രി നടത്തവും സംഘടിപ്പിച്ചു.
Post Your Comments