ന്യൂഡൽഹി ∙ കശ്മീർ നിക്ഷേപകരുടെ പറുദീസയാകാൻ ഒരുങ്ങുന്നു. ഈ വർഷം ശ്രീനഗറിലും ജമ്മുവിലുമായി നടത്താൻ ഉദ്ദേശിക്കുന്ന ത്രിദിന ആഗോള നിക്ഷേപക സംഗമത്തിന്റെ മുന്നോടിയായി നടത്തിയ സമ്മേളനത്തിൽ 350 പ്രതിനിധികൾ പങ്കെടുത്തു. ടൂറിസം, ഫിലിം ടൂറിസം, ഹോർട്ടികൾചർ, ഭക്ഷ്യസംസ്കരണം, റിയൽ എസ്റ്റേറ്റ്, ഐടി, കൈത്തറി, കരകൗശലം തുടങ്ങി മിക്ക മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
14 മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്.ജമ്മു കശ്മീർ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഏൺസ്റ്റ് ആൻഡ് യങ് എന്നിവയാണ് സംഘാടകർ. കശ്മീരിൽ ആദ്യമായാണ് നിക്ഷേപക സംഗമം നടത്തുന്നത്.ആഗോളതലത്തിലുള്ള ബിസിനസുകാർ മുതൽ പ്രാദേശിക ബിസിനസുകാരും സംരംഭകരും വികസന ഏജൻസികളും ഇതിൽ പങ്കാളികളാകും.
ഇതിനിടെ, കേന്ദ്രമന്ത്രിമാരുടെ കശ്മീർ സന്ദർശന പരിപാടിയുടെ ഭാഗമായി അടുത്ത 4 ദിവസങ്ങളിൽ രവിശങ്കർ പ്രസാദ്, രമേശ് പൊക്രിയാൽ, മുഖ്താർ അബ്ബാസ് നഖ്‌വി, ശ്രീപദ് നായിക്, ജി. കിഷൻ റെഡ്ഡി എന്നിവരെത്തും. കശ്മീരിൽ 4 ദിവസങ്ങളിലായി 8 സമ്മേളനങ്ങളാണ് ഇതുവരെ നിശ്ചയിച്ചിട്ടുള്ളത്. ജമ്മുവിൽ 50 സമ്മേളനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
Post Your Comments