ഷാര്‍ജ : ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം , ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി പെട്ടിയിലാക്കി വ്യവസായ മേഖല ഒന്നില്‍ ഉപേക്ഷിച്ചത്. ഷാര്‍ജ ക്രിമിനല്‍ കോടതി, ഇരയായ വ്യക്തിയുടെ ഏഷ്യന്‍ കുടുംബത്തോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. കുടുംബം ദയാധനം സ്വീകരിക്കുമോ അതോ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വിധിക്കണോ എന്ന കാര്യം തീരുമാനിക്കാനാണ് ഈ നീക്കം
2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ഒരു ശുചീകരണ തൊഴിലാളിയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ഒരു പെട്ടിയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഈ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട വ്യക്തിയുടെ 42 വയസ്സുള്ള ഭാര്യ, ഇവരുടെ കാമുകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
ചോദ്യം ചെയ്യലില്‍ യുവതിയുമായി തനിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും യുവതിയുടെ വീട്ടില്‍വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കാമുകന്‍ സമ്മതിച്ചു. ഒരു ദിവസം യുവതിയുടെ ഭര്‍ത്താവ് ഇരുവരെയും കയ്യോടെ പിടികൂടി. അപ്പോഴാണ് അയാളെ കൊലപ്പെടുത്തിയത്. മൃതദേഹത്തിന് ഭാരമുണ്ടായതിനാല്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറിയ കഷ്ണങ്ങള്‍ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പര്‍ദധരിച്ച് സ്ത്രീവേഷത്തിലായിരുന്നു കാമുകന്‍ വീട്ടില്‍ വന്നിരുന്നതെന്ന് യുവതി പറഞ്ഞു. സംഭവ ദിവസം കാമുകനാണ് ഭര്‍ത്താവിനെ കൊന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഷാര്‍ജ വ്യവസായ മേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ സമ്മതിച്ചു. പ്രതിക്ക് വധശിക്ഷയായിരുന്നു കോടതി നേരത്തെ വിധിച്ചത്. കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ കുടുംബത്തോട് അടുത്ത മാസം യുഎഇയില്‍ വരാനും ദയാധനം സ്വീകരിക്കാന്‍ തയാറാണോ എന്നറിയാനുമാണ് കോടതി നിര്‍ദേശം. അല്ലാത്ത പക്ഷം വധശിക്ഷയുമായി മുന്നോട്ടുപോകുമെന്നും കോടതി അറിയിച്ചു.
Post Your Comments