കൊച്ചി: കൊച്ചി മെട്രോ തൂണിനു മുകളില്‍ കുടുങ്ങിപ്പോയ പൂച്ചകുഞ്ഞിനെ ഒടുവിൽ രക്ഷപെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി വൈറ്റില ജംഗ്ഷന് സമീപമുള്ള മെട്രോയുടെ തൂണിന് മുകളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെയാണ് രക്ഷപെടുത്തിയത്. പള്ളിമുക്കില്‍നിന്ന് വൈറ്റിലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്രെയിന്‍ ഉപയോഗിച്ച് മുപ്പതടിയോളം ഉയരമുള്ള മെട്രോ തൂണിനുമുകളിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ പൂച്ച അവശയായിരുന്നു. പിടികൂടിയ പൂച്ചയെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. പൂച്ച മാന്തിയാണ് പരിക്കേറ്റത്.
Read also: ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനും- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
നാല് ഉദ്യോഗസ്ഥര്‍ മെട്രോ തൂണിനു മുകളില്‍ കയറിയാണ് പൂച്ചയെ രക്ഷപെടുത്തുന്നതിനുള്ള ദൗത്യം നിര്‍വഹിച്ചത്. ആദ്യം രണ്ടു പേര് മെട്രോ തൂണിന്റെ മുകളില്‍ ഇരുവശത്തെ വിടവുകളിലായി നിലയുറപ്പിച്ചു. മറ്റ് രണ്ടു പേര് ക്രെയിനിന്റെ സഹായത്തോടെ മുകളിലേക്ക് എത്തി പൂച്ചയെ പിടിക്കാന്‍ ശ്രമിച്ചു. പരിഭ്രാന്തിയിലായ പൂച്ച തൂണിന്റെ വിടവുകളിലൂടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഓടി മാറിയതോടെയാണ് രക്ഷിക്കാനായി സമയമെടുത്തത്.
Post Your Comments