എറണാകുളം: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച്
പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷൻ കൂടിയാണ് തൃപ്പൂണിത്തുറ ടെർമിനൽ. ഇതോടെ, ആലുവയിൽ നിന്ന് ഇനി മുതൽ രാജനഗരി വരെ യാത്ര ചെയ്യാം.
ആദ്യ ഘട്ടത്തിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളിലായി 28.2 കിലോമീറ്റർ ദൂരത്തിന്റെ നിർമ്മാണ പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ആകെ 7,377 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഉദ്ഘാടനത്തിനുശേഷം ദിവ്യാംഗരായ കുട്ടികളോടൊപ്പം ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ഇതിനുശേഷം പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കുന്നതാണ്. കൊച്ചി മെട്രോയ്‌ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പൂനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടെ ഫ്ലാഗ് ഓഫ് കര്‍മ്മവും മോദി നിർവഹിച്ചു.
Post Your Comments