Latest NewsNewsIndia

കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കൂട്ടിക്കലര്‍ത്തി വിറ്റ യുവാവിനേയും കാമുകിയേയും അറസ്റ്റു ചെയ്തു

വിസ്കോണ്‍സിന്‍: കഞ്ചാവ് വില്പന നടത്തിയ യുവാവ് പോലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട് പോലീസ് ഞെട്ടി. വിസ്കോണ്‍സിനിലാണ് സംഭവം നടന്നത്.

മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രഹസ്യാന്വേഷണ പോലീസ് വേഷം മാറി ഉപഭോക്താവായി എത്തിയത്. വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന്‍ വീണ്ടും തിരിച്ചെത്തി, കഞ്ചാവ് വാങ്ങി.

എന്നാല്‍, തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവും 70 ഗ്രാം മരുന്ന്, എംഡിഎംഎ, ബോംഗ്സ്, മയക്കുമരുന്ന് തൂക്കാനുള്ള തുലാസ് മുതലായവ കണ്ടെത്തി. തുടര്‍ന്നാണ് ഓസ്റ്റിന്‍ ഷ്രോഡറും (26) കാമുകി കെറ്റ്‌ലിന്‍ ഗെയ്ഗറും (21) അറസ്റ്റിലായത്. അജ്ഞാതമായ ഏതോ പൗഡര്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതില്‍ സംശയം തോന്നിയ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അത് തന്റെ അമ്മയുടെ ചിതാഭസ്മമാണെന്ന് ഷ്രോഡര്‍ പറഞ്ഞത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനാണത്രേ അത് സൂക്ഷിച്ചിരിക്കുന്നത്.

മയക്കുമരുന്ന് വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുക, മയക്കുമരുന്ന് സാമഗ്രികള്‍ കൈവശം വയ്ക്കുക, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

വിസ്കോണ്‍സിനില്‍ കഞ്ചാവ് ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും 2019 സെപ്റ്റംബറില്‍ വിസ്കോണ്‍സിന്‍ നിയമനിര്‍മ്മാതാക്കള്‍ മരുന്നുകള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചിട്ടുണ്ട്.

200 ഗ്രാമോ അതില്‍ കുറവോ മയക്കുമരുന്ന് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ മൂന്നര വര്‍ഷം തടവും പരമാവധി 10,000 ഡോളര്‍ പിഴയും ലഭിക്കുമെന്ന് മരിജുവാന ലോബിയിംഗ് വെബ്സൈറ്റായ https://norml.org/ പറയുന്നു.

അമേരിക്കയില്‍ 33 സംസ്ഥാനങ്ങള്‍ മെഡിക്കല്‍ മരിജുവാന നിയമവിധേയമാക്കിയിട്ടുണ്ട്. 11 എണ്ണം മുതിര്‍ന്നവരുടെ വിനോദ ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുമുണ്ട്.

ന്യൂയോര്‍ക്ക്, ന്യൂമെക്സിക്കോ, വെര്‍മോണ്ട്, കണക്റ്റിക്കട്ട്, പെന്‍സില്‍‌വാനിയ, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ വിനോദ കഞ്ചാവ് ഉപയോഗത്തെ പിന്തുണയ്ക്കുന്നു. റോഡ് ഐലന്‍ഡ് ഒഴികെയുള്ള ഈ സംസ്ഥാനങ്ങള്‍ ഒന്നുകില്‍ നിയമനിര്‍മാണം പരിഗണിക്കുകയോ അല്ലെങ്കില്‍ നിയമം മാറ്റുന്നതിനായി 2020 ല്‍ ബില്ലുകള്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നു.

സ്റ്റാറ്റിസ്റ്റ നല്‍കിയ ഗ്രാഫിക് പ്രകാരം, മരിജുവാന നിയമവിധേയമാക്കിയ സംസ്ഥാനങ്ങള്‍ വ്യക്തമാക്കുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button