വിസ്കോണ്‍സിന്‍: കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കൂട്ടിക്കലര്‍ത്തി വിറ്റ യുവാവും കാമുകിയും പിടിയിൽ. ഓസ്റ്റിന്‍ ഷ്രോഡറും (26) കാമുകി കെറ്റ്ലിന് ഗെയ്ഗറും (21) ആണ് അറസ്റ്റിലായത്. വിസ്കോണ്‍സിനിലാണ് സംഭവം നടന്നത്. മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ പോലീസ് ഇവിടെ അന്വേഷണത്തിനെത്തിയത്. മയക്കുമരുന്ന് വാങ്ങാനെത്തുന്ന ആൾ എന്ന രീതിയിലായിരുന്നു ഇവർ എത്തിയത്. വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന് വീണ്ടും തിരിച്ചെത്തി. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയിരുന്നു.
അജ്ഞാതമായ ഏതോ പൗഡര്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതില്‍ സംശയം തോന്നിയ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അത് തന്റെ അമ്മയുടെ ചിതാഭസ്മമാണെന്ന് ഷ്രോഡര്‍ പറഞ്ഞത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനായിരുന്നു ഇത് സൂക്ഷിച്ചുവെച്ചിരുന്നത്. മയക്കുമരുന്ന് വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുക, മയക്കുമരുന്ന് സാമഗ്രികള്‍ കൈവശം വയ്ക്കുക, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments