ക്ഷേത്രങ്ങളും ചരിത്രങ്ങളും മിത്തുകളും ഒക്കെയുള്ള നാടാണ് തമിഴ്‌നാട്.. ഹൈന്ദവ വിശ്വാസവുമായി ഇഴചേരാത്ത ഒരു സ്ഥലത്തെ ഇവിടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. അത്തരത്തിലൊരിടമാണ് ആലങ്കുടി. അമൃത് തേടിയുള്ള പാലാഴി മഥനത്തിൽ ഉയർന്നുവന്ന കാളകൂടം വിഷം ഭൂമിയെ രക്ഷിക്കാനായി പാനം ചെയ്ത ശിവനെ ആരാധിക്കുന്ന ആലങ്കുടി തമിഴ്നാട്ടിലെ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. ആലങ്കുടിയുടെ വിശേഷങ്ങളിലേക്ക്.
ആലങ്കുടിയ്ക്ക് ആ പേരു വന്നതിനു പിന്നിൽ പാലാഴി മഥനവുമായി ബന്ധപ്പെട്ട കഥയാണുള്ളത്. ആലം എന്നാൽ വിഷം എന്നാണർഥം. അമൃത് തേടിയുള്ള പാലാഴി മഥനത്തിൽ കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. കടഞ്ഞുകൊണ്ടിരുന്നപ്പോൾ ലോകത്തെയാകെ നശിപ്പിക്കുവാൻ പര്യാപ്തമായ വിഷം അഥവാ ആല ഉയർന്നുവന്നു. ഇതിൽ നിന്നും ലോകത്തെ രക്ഷിക്കുവാനായി ശിവൻ അത് എടുത്ത് വിഴുങ്ങിയത്രെ.
വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ ശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി.ഇതോടെ ” രക്ഷകന്‍” എന്നര്‍ത്ഥം വരുന്ന ” ആപത് സഹായേശ്വരര്‍” എന്ന വത്സലനാമത്തില്‍ ശിവന്‍ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ സഖിയായ പാര്‍വ്വതീദേവിയാകട്ടെ ഇളവര്‍കുഴലി, ഉമൈ അമ്മ എന്നീ പേരുകളിലും വിളിക്കപ്പെട്ടു. ഇവരെ കുടിയിരുത്തിയ ഈ പുണ്യഭൂമി ആലങ്കുടി എന്ന പേരിലും പ്രസിദ്ധമായി എന്നാണ് വിശ്വാസം.
Post Your Comments