പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ് വിള്ളലുണ്ടായിരിക്കുന്നത്.കോണ്‍ഗ്രസ് സഖ്യം വിച്ഛേദിക്കപ്പെട്ടാല്‍,തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഡി.എം.കെ ട്രഷറര്‍ ദുരൈ മുരുകന്‍ ബുധനാഴ്ച തുറന്നടിച്ചിരുന്നു.
‘അവര്‍ സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍, അവര്‍ പോകട്ടെ. എന്താണ് ദോഷം? കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പുറത്തുപോയാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, പ്രത്യേകിച്ചും എനിക്ക് ആശങ്കയില്ല,’ എന്നാണ് ദുരൈ മുരുകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കിക്കൊണ്ട് പൗരത്വ നിയമമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സോണിയ ഗാന്ധി കഴിഞ്ഞദിവസം വിളിച്ച യോഗം ഡിഎംകെ ബഹിഷ്‌കരിച്ചിരുന്നു.
യു.പി.എയില്‍ നിന്ന് ഡി.എം.കെ പുറത്തേക്ക് പോകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി നേതാവിന്റെ പ്രതികരണമെന്നാണ് വിലയിരുത്തല്‍.
മുരുകന്റെ പ്രസ്താവനയോട് ‘എന്തുകൊണ്ടാണ് ഈ വിവേകം വെല്ലൂര്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിന് മുമ്ബായി വരാതിരുന്നത്?’ എന്നാണ് ഉടനടി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പ്രതികരിച്ചത്.
Post Your Comments